മാധ്യമ പ്രവർത്തകനെ കെട്ടിയിട്ട് കവര്‍ച്ച: രണ്ടുപ്രതികൾ ചെന്നൈയിൽ അറസ്റ്റിൽ
text_fieldsമുഹമ്മദ് ഹിലാൽ, ഷാഹിൻ മുള്ള
കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും മര്‍ദിച്ച് അവശരാക്കി കെട്ടിയിട്ടശേഷം കവര്‍ച്ച നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടുപ്രതികളെ കണ്ണൂർ സിറ്റി പൊലീസ് ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തു. ചെങ്കൽപേട്ടയിലെ ഒളിത്താവളത്തിൽ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു. രണ്ടാംപ്രതി മുഹമ്മദ് ഹിലാല്‍ (20), കൂട്ടുപ്രതിയായ ഷാഹിന്‍ മുള്ള (37) എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്. പ്രതികളെ അടുത്ത ദിവസം കണ്ണൂരിൽ എത്തിക്കും.
2018 സെപ്റ്റംബർ ആറിനാണ് മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവന് സ്വര്‍ണവും പണവും ലാപ്ടോപും കൊണ്ടുപോയത്. മൂന്നു പേര് നേരത്തെ അറസ്റ്റിലായിരുന്നു.

