കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; തലശ്ശേരി സ്വദേശി അറസ്റ്റില്‍
text_fieldsകണ്ണൂർ: വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് (43) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്. ചക്കരക്കല്ല് പൊലീസ് സ്പെഷല്‍ ടീമാണ് അറസ്റ്റ് ചെയ്തത്. പണം തട്ടിയ സംഭവത്തിൽ 2019ലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ടെന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 80ഓളം പേരിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്നും വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തുമാണ് മുഹമ്മദ് ഒനാസിസ് നിരവധി പേരില്‍ നിന്നായി 80 ലക്ഷത്തിന് മുകളിൽ പണം തട്ടിയെടുത്തത്.
ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജീവൻ, പ്രമോദ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒനാസിസിനെ പിടികൂടിയത്.

