ഝാർഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
text_fieldsമമ്ത കുമാരി, പ്രതി യോഗേന്ദ്ര
പേരാവൂർ: ആര്യപ്പറമ്പ് സെൻറ് മേരീസ് എസ്റ്റേറ്റിലെ താമസസ്ഥലത്ത് ഝാർഖണ്ഡ് സ്വദേശിനി മമ്ത കുമാരി (20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം. കൊലപാതക്കുറ്റത്തിന് യുവതിയോടൊപ്പം കഴിഞ്ഞിരുന്ന ആൺസുഹൃത്തും ഝാർഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗേന്ദ്രയെ (28) പേരാവൂർ പൊലീസ് അറസ്റ്റ് െചയ്തു.
കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തേ കസ്റ്റഡിയിലെടുത്ത ഇയാളെ ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഝാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയാണ് മമ്തകുമാരി. യോഗേന്ദ്രയുമായി പ്രണയത്തിലായിരുന്ന മമ്ത രണ്ടു മാസം മുമ്പാണ് ആര്യപ്പറമ്പിലെത്തിയത്. തൊഴിലിടത്തിൽനിന്ന് ഡെങ്കിപ്പനി ബാധിച്ച മമ്ത കണ്ണൂർ ജില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയിലധികം ചികിത്സയിൽ കഴിഞ്ഞിരുന്നു. യോഗേന്ദ്രയുടെ നിരന്തരമുള്ള മർദനവും പീഡനവുമാണ് മമ്തയുടെ മരണത്തിന് കാരണം.
തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ് മരണകാരണമായത്. ഇത് മർദനം കാരണമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.