ഇനി നഗരത്തിൽ പാർക്കിങ് ‘സിംപിൾ'; ജവഹര്‍ സ്റ്റേഡിയത്തിനു സമീപം ആറ് നിലകളിലായി നാല് യൂനിറ്റുകൾ പ്രവർത്തിക്കും
text_fieldsകണ്ണൂര്‍ മുനിസിപ്പല്‍ കോര്പറേഷന് നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാർക്കിങ് കേന്ദ്രം ഉദ്ഘാടനം കെ. സുധാകരൻ എം.പി നിർവഹിക്കുന്നു
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ നഗരത്തിലെ വാഹന പാർക്കിങ്ങിന് പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്പറേഷന് നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാർക്കിങ് കേന്ദ്രം ഉദ്ഘാടനം കെ. സുധാകരൻ എം.പി നിർവഹിച്ചു. ജവഹര്‍ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്. മേയർ മുസ് ലിഹ് മഠത്തിൽ അധ്യക്ഷതവഹിച്ചു.
നഗരത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് വാഹനം പാർക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത പ്രശ്നം മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹാരമായെന്ന് മേയര്‍ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ സധൈര്യം പോകുന്നതിന് ഈ ഭരണസമിതിക്ക് കഴിയുമെന്ന് മേയർ പറഞ്ഞു.
ജവഹര്‍ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാല് യൂനിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31 വീതം കാറുകള്‍ പാര്‍ക്ക് ചെയ്യാം. കേന്ദ്രത്തില്‍ ഒരേസമയം 124 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാം. കരാര്‍ പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അതിനൂതന മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കരാറെടുത്ത് പൂര്‍ത്തിയാക്കിയത്. 12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർക്കിങ് കേന്ദ്രം ഏറെ ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രാഗേഷ്, പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ ടി.ഒ. മോഹനൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, സി.പി.എം പ്രതിനിധി ഒ.കെ. വിനീഷ്, എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. ജസ്വന്ത്, കമ്പനി പ്രതിനിധി പരാഗ് എന്നിവർ പങ്കെടുത്തു.
ബി.ജെ.പി ബഹിഷ്കരിച്ചു
കണ്ണൂർ: നഗരത്തിൽ സ്ഥാപിച്ച മൾട്ടിലെവൽ കാർ പാർക്കിങ് ഉദ്ഘാടനം ബി.ജെ.പി ബഹിഷ്കരിച്ചു. തുരുമ്പെടുത്ത കാർ പാർക്കിങ് കേന്ദ്രത്തിന്റെ രണ്ടാമത്തെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും ഇത് കോർപറേഷന്റെ രാഷ്ട്രീയ നാടകം മാത്രമാണെന്നും കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

