ജബ്ബാർകടവ് ബസ് അപകടം: ബസിന് പെർമിറ്റില്ല; കണ്ടക്ടർക്ക് ലൈസൻസുമില്ല
text_fieldsഇരിട്ടി: ജബ്ബാർകടവിൽ അപകടത്തിൽപെട്ട ബസ് ഒാടിയത് പെർമിറ്റില്ലാതെ. കണ്ടക്ടർക്ക് ലൈസൻസുമുണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
കഴിഞ്ഞ 14നാണ് ജബ്ബാർകടവിൽ മത്സരഒാട്ടത്തിനിടെ ബസ് കുഴിയിലേക്ക് മറിഞ്ഞത്. പായം -ആറളം റൂട്ടിലോടുന്ന 'പായം' ബസിനു മുന്നിൽ, പുതുതായി പെർമിറ്റ് ഉണ്ടെന്ന വ്യാജേന 'അപ്പാച്ചി' ബസ് ഒാടാൻ ആരംഭിച്ചതാണ് തുടക്കം. ആദ്യ ദിവസം തന്നെ പായം ബസിനു മുന്നിൽ അപ്പാച്ചി സർവിസ് നടത്തുകയായിരുന്നു.
തുടർന്ന് ഇൗ ബസിനെ പിന്തുടർന്ന് പായം ബസ് ജബ്ബാർകടവ് കയറ്റത്തിൽ കുറുകെയിട്ടു. ബസ് ജീവനക്കാർ തമ്മിൽ തർക്കവുമുണ്ടായി. യാത്രക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ശേഷം കയറ്റത്തിൽ നിർത്തിയ അപ്പാച്ചി ബസ് മുന്നോട്ട് എടുക്കുന്നതിനിടയിലാണ് പിറകോട്ട് നീങ്ങി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ 15 ഒാളം പേർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി ജോ. ആർ.ടി.ഒ ഡാനിയൽ സ്റ്റീഫൻ നടത്തിയ അന്വേഷണത്തിലാണ്, അപകടത്തിൽപെട്ട അപ്പാച്ചി ബസ് പെർമിറ്റ് ഇല്ലാതെയാണ് ഓടിയതെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് ഡ്രൈവറുടെ ലൈസൻസ് നാലുമാസത്തേക്ക് റദ്ദ് ചെയ്തു. പെർമിറ്റില്ലാതെ ബസ് ഓടിയതിനും തുടർനടപടികൾക്കും കണ്ണൂർ ആർ.ടി.ഒക്ക് വിശദ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മത്സരയോട്ടം നടത്തിയ പായം ബസിലെ ഡ്രൈവറുടെ ലൈസൻസ് രണ്ട് മാസത്തേക്കും കണ്ടക്ടറുടെ ലൈസൻസ് ഒരു മാസത്തേക്കും റദ്ദ് ചെയ്തു.