യുവതിയെ വനത്തിൽ കാണാതായിട്ട് 12 ദിവസം
text_fieldsകാണാതായ സ്ത്രീകളെ വനത്തിൽനിന്ന് പുറത്തെത്തിച്ചപ്പോൾ
കൂത്തുപറമ്പ്: കണ്ണവത്ത് വനത്തിൽ യുവതിയെ കാണാതായിട്ട് 12 ദിവസമായിട്ടും വിവരമൊന്നുമില്ല. വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിനകത്ത് യുവതിയെ കാണാതായിട്ടും തെളിവൊന്നും ലഭിച്ചില്ല.
ഡിസംബർ 31നാണ് കണ്ണവം നഗറിലെ പെരുന്നാൻ കുമാരന്റെ മകൾ എൻ. സിന്ധുവിനെ (40) വനത്തിനകത്ത് കാണാതായത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സിന്ധുവിനെ കാണാതാവുകയായിരുന്നു.
ഉൾക്കാട്ടിനകത്ത് വഴിതെറ്റി എങ്ങോട്ടെങ്കിലും എത്തിയിട്ടുണ്ടാകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, പൊലീസും വനപാലകരും നാട്ടുകാരും ദിവസങ്ങളായി കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല.
15 കിലോമീറ്റർ ചുറ്റളവിലാണ് വനപാലകർ ഉൾപ്പടെയുള്ള സംഘം വ്യാപക തിരച്ചിൽ നടത്തിയത്. ഉൾക്കാടുകളിലും ജലാശയങ്ങളിലും കിണറുകളിലുമെല്ലാം തിരച്ചിൽ നടത്തി.
അതേസമയം, വനമേഖലയിൽ ജനിച്ചുവളർന്ന യുവതി പ്രദേശത്തെ കാടിനെപ്പറ്റി നല്ല ധാരണയുള്ള ആളാണ്. വഴിതെറ്റിയതാണെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനകം സമീപത്തെ ഏതെങ്കിലും നഗറുകളിൽ എത്തേണ്ടതായിരുന്നു. ഇതാണ് അന്വേഷണ സംഘത്തെയും കുഴക്കുന്നത്.
കഴിഞ്ഞ ദിവസം പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജയുടെ അധ്യക്ഷതയിൽ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഏകോപന സമിതി യോഗം ചേർന്നിരുന്നു. തിരച്ചിൽ ഊർജിതമാക്കാൻ ഏകോപന സമിതി യോഗം തീരുമാനിച്ചതിന് പിന്നാലെ തണ്ടർബോൾട്ട് ഉൾപ്പെടെയുള്ള സംഘവും കണ്ണവം വനത്തിലെത്തി തിരച്ചിൽ നടത്തി. കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷ്, ഫോറസ്റ്റ് ഓഫിസർ കെ. ജിജിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്.
ജനപ്രതിനിധികൾ, പ്രദേശവാസികൾ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിലും തണ്ടർബോൾട്ട്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് തിരച്ചിൽ ഊർജിതമാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

