അയ്യൻകുന്നിൽ കടുവഭീതി നാല് പശുക്കളെ കടിച്ചുകൊന്നു
text_fieldsപ്രതീകാത്മക ചിത്രം
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കടുവ കടിച്ചുകൊന്നു. പാലത്തുംകടവിലെ പുല്ലാട്ടുക്കുന്നേൽ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും വീടിനോട് ചേർന്ന് തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെയാണ് കഴിഞ്ഞരാത്രി കടുവ കടിച്ചുകൊന്നത്.
അത്യുൽപാദനശേഷിയുള്ള രണ്ട് കറവപ്പശുക്കളെയും ഒരു ഗർഭിണി പശുവിനെയും കിടാവിനെയുമാണ് കൊന്നത്. ആക്രമിച്ചത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടിക്കാനുള്ള നടപടി തുടങ്ങി. മേഖലയിൽ നീരക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്
തൊഴുത്തിന്റെ പൂൽകൂട് ഭാഗത്തിലൂടെ എത്തിയ കടുവ ആദ്യം കിടാവിനെയാണ് കടിച്ചു കൊന്നത്. തുടർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടിച്ച ഇരുമ്പുദണ്ഡ്കൊണ്ട് സ്ഥാപിച്ച പൂൽക്കൂടിനുള്ളിലൂടെ കടിച്ചുവലിച്ചപ്പോൾ കിട്ടാതായതോടെ സമീപത്ത് കെട്ടിയ മറ്റ് പശുക്കളേയും കടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുൽക്കൂട് ഭാഗത്ത് രക്തം തളം കെട്ടിയിട്ടുണ്ട്. രക്തത്തിൽ ഉൾപ്പെടെ കടുവയുടെ കാൽപ്പാദം പതിഞ്ഞിട്ടുണ്ട്. തൊഴുത്തിന്റെ താഴ്ഭാഗത്ത് ചാണകവും വെള്ളവും കെട്ടിനിന്ന സ്ഥലത്തും കടുവയുടെ വലിയ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ചാണ് വനം വകുപ്പ് കടുവയാണെന്ന് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രാവിലെ സരസു തറവാട് വീട്ടിൽനിന്ന് 100 മീറ്റർ അകലെയുള്ള തൊഴുത്തിൽ കറവക്കായി എത്തിയപ്പോഴാണ് നാലു പശുക്കളെയും ചത്തനിലയിൽ കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ അറിയിക്കുകയായിരുന്നു. ചത്ത നാലു പശുക്കളുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.
ഒരാഴ്ചമുമ്പ് പ്രദേശത്തെ സന്തോഷ് പാലക്കൽ എന്നയാളുടെ വീടിന് മുന്നിൽ കെട്ടിയ വളർത്തുനായെ അജ്ഞാത ജീവി ഭക്ഷിച്ചിരുന്നു. അന്ന് കടുവയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നെങ്കിലും വനംവകുപ്പിന്റെ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കേരള, കർണാടക വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയാണിത്.
കർണാടക വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവമറിഞ്ഞ് സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജയ്സൺ കാരക്കാട്ട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ജെയിൻസ് ടി. മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, വനം ചീഫ് കൺസർവേറ്റർ അഞ്ചൽകുമാർ, കണ്ണൂർ ഡി.എഫ്.ഒ കെ. വൈശാഖ്, കൊട്ടിയൂർ റേഞ്ചർ ടി. നിതിൻ രാജ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ സി. സുനിൽകുമാർ, ഇരിട്ടി എസ്.ഐ റെജി സ്കറിയ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

