വീട് തകർന്ന് മൂന്നുപേർക്ക് പരിക്ക്
text_fieldsകോളിക്കടവ് തെങ്ങോല റോഡിൽ തകർന്ന വീട് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
ഇരിട്ടി: കോളിക്കടവ് തെങ്ങോല റോഡിൽ മേൽക്കൂര തകർന്ന് വീടിനുള്ളിൽ കുടുങ്ങിപ്പോയവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ചെറുകടവൂർ രാജീവന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന രാജീവന്റെ ഭാര്യ സിന്ധു, മകൻ രാഹുൽ എന്നിവർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷിച്ചു. പരിക്കേറ്റ സിന്ധുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീടിന്റെ ഓടിട്ട മേൽക്കൂര തകരുകയായിരുന്നു. ഓടും മരങ്ങളും വീണാണ് സിന്ധുവിന് പരിക്കേറ്റത്. ഇവർക്ക് നടുവിന് പരിക്കേറ്റതായാണ് വിവരം. മറ്റുള്ളവരുടെ പരിക്കുകൾ നിസ്സാരമാണ്.
ഇരിട്ടി അഗ്നിരക്ഷസേന സ്ഥലത്തെത്തി. വീടിന്റെ മുൻഭാഗം കോൺക്രീറ്റും ബാക്കിഭാഗങ്ങൾ ഓടിട്ടതുമാണ്. തകർന്ന വീട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടുപറമ്പിൽ തുടങ്ങിയവർ സന്ദർശിച്ചു.

