ബാങ്കിൽനിന്ന് മുങ്ങിയ പ്രതി മൈസൂരുവിൽ ‘ഹോട്ടൽ പണിക്കാരൻ’
text_fieldsഇരിട്ടി: ആനപ്പന്തി സർവിസ് സഹകരണ ബാങ്ക് കച്ചേരിക്കടവ് ശാഖയിൽ 60 ലക്ഷത്തോളം രൂപയുടെ പണയ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിലായതോടെ ചുരുളഴിഞ്ഞത് വൻ തട്ടിപ്പിന്റെ കഥകൾ. സംഭവത്തിൽ ഒളിവിലായിരുന്ന സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് കാഷ്യറുമായ കച്ചേരിക്കടവ് ചാമക്കാലായിൽ ഹൗസിൽ സുധീർ തോമസിനെയും സുനീഷ് തോമസിനെയുമാണ് പൊലീസ് പിടികൂടിയത്.
ബാങ്കിൽ കാഷ്യറായി ജോലി ചെയ്തിരുന്ന സുധീർ തോമസ് പല ഘട്ടങ്ങളിലായി പണം തിരിമറി നടത്തി അഞ്ച് ലക്ഷത്തോളം രൂപ വകമാറ്റിയിരുന്നു. തിരിമറി നടത്തിയ പണം ബാങ്ക് ഓഡിറ്റ് സമയത്ത് കണക്കിൽ കാണിക്കാനായി സുനീഷ് തോമസിന്റെ ഫിനാൻസ് സ്ഥാപനത്തിൽനിന്ന് തരപ്പെടുത്തുകയാണ് പതിവ്. ഇതുപോലെ വെട്ടിപ്പു നടത്തിയ പണം തിരികെ ബാങ്കിൽ തിരിച്ചടക്കാൻ ബാങ്കിലെ സ്വർണമെടുത്ത് പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പു നടത്തിയപ്പോഴാണ് പിടിവീണത്.
പണയം തിരികെയെടുക്കാൻ വന്ന പ്രവാസിയുടെ ബന്ധുവിനെ ആദ്യ ദിനം ചില സാങ്കേതികത്വം പറഞ്ഞ് മടക്കിയെങ്കിലും പിന്നീട് ഇയാൾ സ്വർണാഭരണം തിരിച്ചെടുക്കാൻ വന്ന് സ്വർണം പരിശോധിച്ചപ്പോഴാണ് തന്റെ യഥാർഥ സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വെച്ച് തട്ടിപ്പു നടത്തിയതായി വ്യക്തമായത്. ഇതോടെ തട്ടിപ്പു പുറത്താവുമെന്ന് ഉറപ്പായതോടെ സുധീർ തോമസ് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു.
പെരുമാറ്റത്തിൽ സംശയം, പിടിവീണു
മേയ് രണ്ടിന് രാവിലെ കച്ചേരിക്കടവിൽനിന്ന് ഇരുചക്രവാഹനത്തിൽ വള്ളിത്തോടിലെത്തിയ പ്രതി ഇരിട്ടിയിലെത്തി കർണാടകയിലേക്ക് വണ്ടി കയറുകയായിരുന്നു. മൈസൂരുവിൽ ഹോട്ടലിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടലുടമയും മലയാളിയുമായ പാനൂർ സ്വദേശി കണ്ണൂരിലെ തന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് നൽകിയ വിവരത്തെ തുടർന്നാണ് പെട്ടെന്നുതന്നെ പ്രതിയെ പിടികൂടാൻ സാധിച്ചത്.
ഹോട്ടലിൽ മാസ്ക് വെച്ച് ജോലി ചെയ്തതും പ്രതിയുടെ പരുങ്ങലിലുമാണ് ഹോട്ടലുടമയിൽ സംശയമുണ്ടായത്. ഇതേ തുടർന്നാണ് കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനോട് ഹോട്ടലുടമ വിവരം കൈമാറിയത്. ഇരിട്ടിയിലെ ബാങ്ക് തട്ടിപ്പു വിവരം നേരത്തെയറിഞ്ഞ ഈ പൊലീസ് ഉദ്യോഗസ്ഥൻ ഹോട്ടലുടമ നൽകിയ ഈ വിവരം ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണനെ അറിയിക്കുകയായിരുന്നു. ഹോട്ടലുടമ നൽകിയ പ്രതിയുടെ ഫോട്ടോ കണ്ടതോടെ പ്രതിയെ തിരിച്ചറിഞ്ഞ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൈസൂരുവിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ഇരിട്ടിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എസ്.ഐ രാജ് നവാസ്, ഇരിട്ടി ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ഷിജോയി, ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സുധീർ തോമസിനെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

