ലഹരിക്കടത്ത് തടയാൻ കൂട്ടുപുഴ അതിർത്തിയിൽ കർശന പരിശോധന
text_fieldsലഹരിക്കടത്ത് തടയാൻ കൂട്ടുപുഴ അതിർത്തിയിൽ എക്സൈസും പൊലീസും പരിശോധന നടത്തുന്നു
ഇരിട്ടി: ഓണം പ്രമാണിച്ച് അതിർത്തി കടന്നെത്തുന്ന ലഹരി വസ്തുക്കൾ കണ്ടെത്താൻ കൂട്ടുപുഴ അതിർത്തിയിൽ ഡോഗ് സ്ക്വാഡും പൊലീസും എക്സൈസും പരിശോധനയിൽ. മാക്കൂട്ടം ചുരംപാത വഴി കർണാടകയിൽനിന്ന് കൂട്ടുപുഴ വഴി കേരളത്തിലേക്ക് വൻതോതിൽ ലഹരി വസ്തുക്കളെത്തുന്നതായുള്ള കണ്ടെത്തലിനെതുടർന്നാണ് പരിശോധന ശക്തമാക്കിയത്. മണംപിടിച്ച് ലഹരിവസ്തുക്കൾ കണ്ടെത്താൻ ശേഷിയുള്ള ഹീറോ എന്ന നായയാണ് പരിശോധനയിൽ സംഘത്തിനൊപ്പമുള്ളത്.
മാക്കൂട്ടം ചുരംപാത വഴിയെത്തുന്ന ബസുകളും മറ്റു യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. നായെ ബസിലും മറ്റും കയറ്റി സീറ്റിനടിയിലടക്കം പരിശോധിച്ചു. ചരക്കുവാഹനങ്ങൾ തുറന്നും പരിശോധന നടത്തുന്നുണ്ട്. ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീം അംഗങ്ങളും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ പരിശോധിക്കുന്നുണ്ട്.
മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ തുടങ്ങി നിരവധി നിരോധിത ഉൽപന്നങ്ങളാണ് വിവിധ മാർഗങ്ങളിലൂടെ അതിർത്തി കടത്തി കേരളത്തിലെത്തിക്കുന്നത്. ബസുകളിൽ ഉടമസ്ഥനില്ലാത്ത നിലയിൽ പുകയില ഉൽപന്നങ്ങൾ കണ്ടെത്തുന്നതും പതിവാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെയും ഇൻസ്പെക്ടർ ശബരിദാസിന്റെയും നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന തുടങ്ങിയശേഷം എക്സൈസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

