മുണ്ടയാംപറമ്പ് ആനപ്പന്തി റോഡിൽ കണ്ടെത്തിയ കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കി
text_fieldsമുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്തുനിന്ന് ജനവാസ മേഖലയിലേക്ക് രക്ഷപ്പെട്ട കടുവയെ കണ്ടെത്താനുള്ള വനംവകുപ്പ് ദ്രുതകർമസേനാംഗങ്ങൾക്ക് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത് എന്നിവർ നിർദേശങ്ങൾ നൽകുന്നു
ഇരിട്ടി: മുണ്ടയാംപറമ്പ് ആനപ്പന്തി റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. വനം വകുപ്പിന്റെ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടതോടെയാണ് ആശങ്ക നിലനിൽക്കുന്നത്. രണ്ടുദിവസമായി പൊലീസിന്റെയും വനം വകുപ്പ് ദ്രുതകർമ സേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഫലമുണ്ടായില്ല.
ബുധനാഴ്ച വൈകീട്ട് മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്തെ കൃഷിയിടത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ ചീറിയടുത്ത് രക്ഷപ്പെട്ട കടുവ തെങ്ങോലക്കുസമീപത്തെ ജനവാസ മേഖലയിലെ ആളൊഴിഞ്ഞ പറമ്പിലേക്കായിരുന്നു രക്ഷപ്പെട്ടത്. ഇവിടെ ജീർണിച്ച് നിലംപൊത്തിയ വീടിന്റെ അകത്തളങ്ങളിലും മറ്റും ഉണ്ടാകാമെന്ന ധാരണയിൽ പൊലീസും വനപാലകരും ചേർന്ന് സുരക്ഷാവലയം തീർത്തു.
മുണ്ടയാംപറമ്പ് -അമ്പലം കവലയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ
വയനാട്ടിൽനിന്ന് പ്രത്യേക പരിശീലനം നേടിയ ദ്രുതകർമ സേനാംഗങ്ങൾ എത്തുന്നതുവരെ പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിൽനിന്നെത്തിയ സംഘം തോക്ക് ഉൾപ്പെടെ ആയുധങ്ങളുമായി കാട്ടിലേക്ക് കയറി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടുവയുടെ കാൽപാടുകൾ പിന്തുടർന്നായിരുന്നു ഏറെനേരം തിരച്ചിൽ.
ബാവലിപ്പുഴയോരത്ത് കുന്നോത്ത് മരംവീണകണ്ടിയിൽ കടുവയുടെ കാൽപാടുകൾ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും തിരച്ചിൽ നടത്തി. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, ആറളം സി.ഐ വിപിൻദാസ്, കരിക്കോട്ടക്കരി എസ്.ഐ പി. അംബുജാക്ഷൻ, എസ്.ഐ റെജിമോൻ, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

