പ്രദീപ് കൊയ്ലിയുടെ കൊല: കർണാടക സ്വദേശികൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരിട്ടി: കണ്ണൂർ കൊയ്ലി ആശുപത്രി ഉടമ പ്രദീപ് കൊയ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എൻ.എസ്. അനിൽ (25), സോംവാർപേട്ട അല്ലൂർക്കാട്ടെ ദീപക് എന്ന ദീപു (21), സോംവാർപേട്ട നെരുഗലെ സ്റ്റീഫൻ ഡിസൂസ (26), സോംവാർപേട്ട ഹിതലമക്കി എച്ച്.എം. കാർത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി.എസ്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ടു ബൈക്കുകൾ, ഇവിടെനിന്നും കളവു ചെയ്ത 13,03,000 രൂപ, കൊലചെയ്യപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈൽ ഫോണുകൾ, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു. കുടകിലെ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞ മാസം 23നാണ് ഇദ്ദേഹത്തെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് കർണാടക സ്വദേശികളായ അഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അനിൽ നാട്ടിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ജോലിയും തൊഴിലും സ്വത്തുമില്ലാത്ത ആൾ എന്ന നിലയിൽ പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തിക്കുതുനിഞ്ഞതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതേ തരത്തിൽ പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പലരെയും പരിചയപ്പെടുകയും ഹാസൻ, പൊന്നമ്പേട്ട എന്നിവിടങ്ങളിൽ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഗോണിക്കുപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അവിവാഹിതയായ സ്ത്രീയെയും, ഒറ്റക്ക് താമസിക്കുന്നവരെയും, നിരവധി സ്വത്തുക്കൾ ഉള്ളവരെയും സൗഹൃദം നടിച്ച് കബളിപ്പിച്ചിട്ടുണ്ട്. കൊലചെയ്യപ്പെട്ട പ്രദീപ് കൊയ്ലിയും അവിവാഹിതനാണെന്നും ധാരാളം സ്വത്തിനുടമയാണെന്നും മലയാളിയാണെന്നും ഇടനിലക്കാരിൽ നിന്നുമറിയാനിടയാവുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ ഭൂമി വാങ്ങാൻ എന്ന നിലയിൽ പരിചയപ്പെട്ടത്. പ്രതാപിന്റെ സ്വത്തിനു വില പറയുകയും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.
കൊലപാതകം നടത്തിയ ശേഷം വീട്ടിലെ നിരീക്ഷണ കാമറകൾ നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. വീരാജ്പേട്ട സബ് ഡിവിഷൻ ഡി.എസ്.പി എസ്. മഹേഷ്കുമാർ, ഗോണിക്കുപ്പസർക്കിൽ സി.പി.ഐമാരായ ശിവരാജ് മുധോൾ, അനൂപ് മടപ്പാപ്പി, ഗോണിക്കൊപ്പ സ്റ്റേഷൻ പി.എസ്.ഐ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

