പരുന്ത് ആക്രമണം; ഒരാൾക്ക് പരിക്ക്, ഭീതി
text_fieldsഇരിട്ടി: പരുന്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ആറോളം പേർക്ക് പരിക്കേറ്റതോടെ സ്ഥലവാസികൾ ഭീതിയിലായി. കഴിഞ്ഞ ദിവസം ഇരിട്ടി കല്ലുമുട്ടി പൊലീസ് സ്റ്റേഷനുസമീപത്ത് താമസിക്കുന്ന കെ. അബ്ദുറഹിമാനാണ് പരുന്തിന്റെ ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റത്. രാവിലെ കട തുറക്കാൻ പോകുന്നതിനിടയിലായിരുന്നു പരുന്ത് മുഖത്ത് കൊത്തിപ്പരിക്കേൽപിച്ചത്.
സാധാരണ കണ്ണിനു നേരെയാണ് പരുന്ത് അക്രമം നടത്താറുള്ളത് എന്ന് വിദഗ്ധർ പറയുന്നു. ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയാണ് അബ്ദുറഹ്മാൻ. ഈ പ്രദേശങ്ങളിൽ പരുന്ത് ആളുകളെ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്.
ഇതേത്തുടർന്ന് അലക്കാനും മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. ആറുമാസമായി ഈ മേഖലയിൽ കണ്ടുവരുന്ന പരുന്താണ് ഇപ്പോൾ ആക്രമിക്കുന്നത്. ആക്രമണം ശക്തമായതോടെ, ഇതിനെ പിടികൂടി കാട്ടിലേക്കയക്കാൻ വനംവകുപ്പിൽ പരാതിപ്പെടുകയാണ് നാട്ടുകാർ.

