മാക്കൂട്ടം ചുരം പാത തുറന്നു; യാത്രാനുമതി ചരക്കു വാഹനങ്ങൾക്ക് മാത്രം
text_fieldsഇരിട്ടി (കണ്ണൂർ): നാലര മാസക്കാലം അടച്ചിട്ട അന്തർസംസ്ഥാന പാതയായ ഇരിട്ടി-മാക്കൂട്ടം ചുരം റോഡ് ഞായറാഴ്ച തുറന്നു. നിലവിൽ ഹെവി വാഹനങ്ങൾ ഒഴികെയുള്ള ചരക്കു വാഹനങ്ങൾ മാത്രമേ കടത്തിവിടൂ.
കോവിഡ് വ്യാപന സാഹചര്യത്തിൽ കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടത്ത് കർണാടക റോഡ് അടക്കുകയായിരുന്നു. അടക്കരുതെന്ന് കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർണാടക സർക്കാറിനെ അറിയിച്ചെങ്കിലും റോഡിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് യാത്ര വിലക്കുകയായിരുന്നു. കൂട്ടുപുഴയിൽ നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന് സമീപത്തായാണ് റോഡ് അടച്ചത്.
ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ മറ്റ് അന്തർസംസ്ഥാന പാതകൾ തിരഞ്ഞെടുത്തു. റോഡ് അടച്ചതോടെ പായം പഞ്ചായത്തിലെ താമസക്കാരായ ബാരാപോൾ പുഴയോരത്ത് താമസിക്കുന്ന ഏഴോളം കുടുംബങ്ങളും മാക്കൂട്ടം കോളനിയിൽ ഉള്ളവരും ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം റോഡ് തുറക്കാൻ കർണാടക സർക്കാർ തീരുമാനിക്കുകയും ഒരു മുന്നൊരുക്കവുമില്ലാതെ ശനിയാഴ്ച രാത്രി ഒമ്പതോടെ മണ്ണുമാന്തി യന്ത്രവുമായി എത്തിയ അധികൃതർ റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പരിശോധനകൾ ഒന്നുമില്ലാതെ യാത്രക്കാരെ കടത്തിവിടില്ലെന്ന നിലപാടാണ് കേരള സർക്കാർ എടുത്തത്. ഇതിെൻറ ഭാഗമായി ഇരിട്ടി പൊലീസെത്തി കൂട്ടുപുഴ പാലം അടച്ചു. ഞായറാഴ്ച കൂട്ടുപുഴയിൽ പ്രത്യേക പരിശോധനകേന്ദ്രം ഒരുക്കാൻ തീരുമാനിക്കുകയും റവന്യൂ, ആരോഗ്യ, പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ പ്രത്യേക കൗണ്ടറുകൾ ഒരുക്കി ഇതുവഴി കടന്നുവരുന്നവരെ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ റോഡ് തുറന്നു. എന്നാൽ, നിലവിൽ വലിയ വാഹനങ്ങൾ ഒഴികെയുള്ള ചരക്ക് വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടൂവെന്ന് കർണാടക നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.