മാക്കൂട്ടം ചുരത്തിൽ ലോറി അപകടത്തിൽപെട്ടു; ഡ്രൈവറും ക്ലീനറും മൂന്നു ദിവസമായി കഴിച്ചുകൂട്ടുന്നത് ലോറിയിൽ
text_fieldsമാക്കൂട്ടം ചുരത്തിൽ അപകടത്തിൽപെട്ട ലോറി
ഇരിട്ടി: പശ്ചിമ ബംഗാളിൽനിന്ന് അരിയുമായി കണ്ണൂരിലേക്കുവരുകയായിരുന്ന ലോറി മാക്കൂട്ടം ചുരത്തിൽ ഹനുമാൻ കോവിലിനുസമീപം അപകടത്തിൽപെട്ടു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സമീപത്തെ മൺ തിട്ടയിലിടിച്ച് നിൽക്കുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവായി. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ മൂന്നുദിവസമായി ഡ്രൈവറും ക്ലീനറും ഇതേ ലോറിയിൽ കഴിച്ചുകൂട്ടുകയാണ്. മറ്റ് ലോറികളിനിന്ന് വെള്ളവും ഭക്ഷണസാധനങ്ങളും വാങ്ങി പാകംചെയ്തു കഴിക്കുന്ന ഇവർ രാവും പകലും വാഹനത്തിൽതന്നെ കാവലിരിക്കുകയാണ്. മറ്റൊരു വാഹനമെത്തി ലോഡ് മാറ്റി ലോറിയുടെ കേടുപാടുകൾ പരിഹരിച്ചാൽ മാത്രമേ തിരിച്ചുപോകാൻ കഴിയൂ.

