ഇരിട്ടി: ഇരിട്ടി പുതിയപാലത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി അപകടം. തകരാറിലായ ലോറി പാലത്തിൽ കുടുങ്ങിയതോടെ ഇവിടെ ഭാഗിക വാഹന നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച പുലർച്ച 3.30ഓടെ ആയിരുന്നു അപകടം. കർണാടകയിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന രാജസ്ഥാൻ രജിസ്ട്രേഷനുള്ള കൂറ്റൻ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപെട്ടത്.
ലോറി പാലത്തിലെ നടപ്പാതയെ വേർതിരിക്കുന്ന കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറിൽ സ്ഥാപിച്ച സിഗ്നൽ ബോർഡ് തകർത്ത് ഇടിച്ചുകയറിയ ലോറിയുടെ ഹൗസിങ് ഇളകിപ്പോയതിനാൽ മുന്നോട്ടോ പിന്നോട്ടോ എടുക്കാനാകാതെ ലോറി പാലത്തിൽ കുടുങ്ങി. ഇതാണ് ഗതാഗതതടസ്സത്തിന് ഇടയാക്കിയത്. പൊലീസ് സ്ഥലത്തെത്തി കൂട്ടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ പുതിയ പാലത്തിെൻറ ഒരു ഭാഗത്തു കൂടിയും ഇരിട്ടിയിൽനിന്ന് പാലം കടന്നുപോകേണ്ട വാഹനങ്ങളെ പഴയ പാലം വഴിയും നിയന്ത്രിച്ചുവിട്ടു.
മെക്കാനിക്കുകൾ എത്തി ഉച്ച 12ന് ശേഷമാണ് ലോറി പാലത്തിൽനിന്ന് മാറ്റാനായത്. പാലം കവലയിലെയും പാലത്തിലുമുള്ള ഡിവൈഡറുകളുടെ നിർമാണത്തിൽ ഒട്ടേറെ അശാസ്ത്രീയത ഉണ്ടെന്നാണ് നാട്ടുകാരും ഡ്രൈവർമാരും പറയുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം ഇനിയും ഇതുപോലുള്ള അപകടങ്ങൾ തുടർക്കഥയാകുമെന്നും ഇവർ പറയുന്നു.