കെ. സുധാകരന് കലാലയങ്ങളിൽ ആവേശ സ്വീകരണം
text_fieldsകണ്ണൂർ പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ ഇരിട്ടി പ്രഗതി കോളജ്
വിദ്യാർഥികളോട് വോട്ടഭ്യർഥിക്കുന്നു
ഇരിട്ടി: മലയോര മേഖലയായ പേരാവൂര്‍ മണ്ഡലത്തിലെ യുവത്വത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം. ആവേശത്തോടെയാണ് കെ. സുധാകരനെ വിദ്യാർഥികള്‍ സ്വീകരിച്ചത്. ഉളിയില്‍ ഐഡിയല്‍ അറബിക് കോളജ്, സുന്നി മജ്ലിസ് ഉളിയില്‍, ഇരിട്ടി എം.ജി, എം.ജി ഐ.ടി.ഐ, പ്രഗതി കോളജ് ഇരിട്ടി, കുന്നോത്ത് ഐ.എച്ച്.ആര്.ഡി, ഡോണ്‍ബോസ്കോ കോളജ് അങ്ങാടിക്കടവ്, വീര്‍പ്പാട് എസ്.എന്‍ കോളജ്, എടത്തൊട്ടി ഡി പോള്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാർഥികളുമായി സംവദിച്ചും വോട്ട് അഭ്യർഥിച്ചുമുള്ള കെ. സുധാകരന്റെ പ്രചാരണം.
സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തി യുവത്വത്തെ വഞ്ചിച്ച എൽ.ഡി.എഫ് സര്‍ക്കാറിനെതിരായ യുവജനരോഷം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സുധാകരന് പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രന് തില്ലങ്കേരി, അഡ്വ. റോജസ് സെബാസ്റ്റ്യന്‍, സാജു യോമസ്, പി.എ. നസീര്‍, പി.കെ. ജനാർദനന്, ഇബ്രാഹിം മുണ്ടേരി, കെ. വേലായുധൻ, ഇമ്പാന് ഹംസ, സി. അഷറഫ്, പി.വി. നിധിന്, പി. കുട്ടിയപ്പ മാസ്റ്റര്‍, ജുബിലി ചാക്കോ, പൂക്കോത്ത് അബൂബക്കര്‍, സുരേഷ് ചാലാറത്ത്, സി. ഹരിദാസന്, കെ. ശഫാഫ്, സമീർ പുന്നാട് തുടങ്ങിയവര്‍ യു.ഡി.എഫ് സ്ഥാനാർഥിക്കൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. തുടർന്ന് മട്ടന്നൂർ നിയോജകമണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു.

