വിറകുപുരയിൽ ഒളിപ്പിച്ച് നാടൻതോക്ക്
text_fieldsഉളിക്കൽ ഏഴൂരിൽ
ആളൊഴിഞ്ഞ വീട്ടിലെ
വിറകുപുരയിൽനിന്ന്
കണ്ടെത്തിയ നാടൻതോക്ക്
ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ എഴൂരിൽ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ വിറകുപുരയിൽനിന്ന് നാടൻതോക്ക് പിടികൂടി. ഉളിക്കൽ സി.ഐ സുധീർ കല്ലന്റെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടയിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്.
എഴൂർ അംഗൻവാടിക്ക് സമീപത്തെ മേൽക്കൂര തകർന്ന വീടിന്റെ മുറ്റത്തെ പോളിത്തീൻ ഷീറ്റിട്ട വിറകുപുരയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ചനിലയിലായിരുന്നു തോക്ക്. മരംകൊണ്ട് ഉണ്ടാക്കിയ പുറം ചട്ടയുള്ള തോക്കിനൊപ്പം ഇരുമ്പുദണ്ഡും ഉണ്ടായിരുന്നു.
തോക്കിന് ഏറെ കാലത്തെ പഴക്കമുണ്ട്. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃഗങ്ങളെ വേട്ടയാടാനോ മറ്റോ ഉപയോഗിക്കുന്നതാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം വിരാജ്‌പേട്ടയിൽനിന്ന് വരുകയായിരുന്ന കർണാടക ട്രാൻസ്‌പോർട്ട് ബസിൽനിന്ന് 100 തിരകൾ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു കടത്ത്. തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഇരിട്ടി സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.