സിറിയക്കിന് കർഷക പെൻഷൻ 31 മാസം കുടിശ്ശിക
text_fieldsമുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയുമായി സിറിയക്ക്
ഇരിട്ടി: 18 വർഷത്തിലധികം മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന കർഷക പെൻഷൻ മുടങ്ങിയപ്പോൾ 84കാരൻ സിറിയക്ക് കൃഷി ഭവനിൽ എത്തി കാര്യം തിരക്കി. പെൻഷൻ മുടങ്ങാൻ കാരണം ആധാർ ഡ്യൂപ്ലിക്കേഷനാണെന്നും ഇത്തരം പ്രശ്നങ്ങൾ പഞ്ചായത്തിൽ ധാരാളമുണ്ടെന്നും ശരിയാകുമെന്ന മറുപടിയും കിട്ടി. പിന്നെയും മാസങ്ങൾ മുടങ്ങി. ഇതിനിടയിൽ ഒരുമാസത്തെ പെൻഷൻ ബാങ്ക് അക്കൗണ്ടിൽ എത്തി.
എല്ലാം ശരിയായി എന്നുകരുതിയെങ്കിലും അടുത്ത മാസം മുതൽ കാര്യങ്ങൾ പഴയപടി തന്നെ. 2024 ഏപ്രിൽ മുതൽ വീണ്ടും പെൻഷൻ മുടങ്ങാതെ കിട്ടുന്നുണ്ടെങ്കിലും കുടിശ്ശികയായ 31 മാസത്തെ പെൻഷനേക്കുറിച്ച് ഇനിയും വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ നിൽകിയ പരാതിക്കു കിട്ടിയ മുറുപടിയിലും വ്യക്തതയില്ല. കുടിശ്ശിക പെൻഷനുകൾ വ്യക്തിഗതമായി അനുവദിക്കേണ്ടെന്നാണ് സർക്കാറിന്റെ നിയമമെന്ന മറുപടിയാണ് ആറളം ചെടിക്കുളത്തെ മഠത്തിക്കുന്നേൽ സിറിയക്കിനെ അത്ഭൂതപ്പെടുത്തുന്നത്.
വർഷങ്ങളായി അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്ന പെൻഷനെ ഇപ്പോൾ ഈ നിലയിൽ വ്യാഖ്യാനിച്ച് തടഞ്ഞുവെക്കുന്നതെന്തിനെന്നാണ് സിറിയക്ക് ചോദിക്കുന്നത്. സിറിയക്കിന് കർഷക പെൻഷൻ ആദ്യമായി അനുവദിച്ചപ്പോൾ മാസം 400 രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. പിന്നീട് എല്ലാ സാമൂഹിക പെൻഷനുകളും ഏകീകരിക്കുകയും 1000രൂപയാക്കി ഉയർത്തുകയും ചെയ്തു. പിന്നീട് ഘട്ടംഘട്ടമായുള്ള വർധനവിലൂടെ 1600ൽ എത്തി. 2021 സെപ്തംബർ മുതലാണ് സിറിയക്കിന് പെൻഷൻ കുടിശ്ശികയാകുന്നത്. ആധാർ ഡ്യൂപ്ലിക്കേഷനാണ് അധികൃതർ കാരണായി പറഞ്ഞിരുന്നത്. ഇതിനിടയിൽ 2022 മേയിൽ ഒരു മാസത്തെ പെൻഷൻ മാത്രം അക്കൗണ്ടിൽ എത്തി.
ഇരിട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് 2024 ഏപ്രിൽ മുതൽ പെൻഷൻ മുടങ്ങാതെ അക്കൗണ്ടിൽ എത്തുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് എടുത്ത ആധാർ തന്നെയാണ് സിറിയക്കിന്റെ കൈയിലുള്ളത്. ആധാർ ഡ്യൂപ്ലിക്കേഷൻ പറഞ്ഞ് പെൻഷൻ മുടങ്ങുന്നതിനിടയിൽ ഒരുമാസത്തെ പെൻഷൻ അക്കൗണ്ടിൽ എത്തിയതും 2024 ഏപ്രിൽ മുതൽ മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ യുക്തിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പ്രായത്തിന്റെ അവശതകൾക്കിടയിലും അർഹതപ്പെട്ട പെൻഷൻ തുകക്കായി നിയമത്തിന്റെ വഴിതേടാനുള്ള തയാറെടുപ്പിലാണ് സിറിയക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.