അയ്യൻകുന്നിൽ ആനക്കലി: വീടുകൾ തകർത്തു
text_fieldsജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്തുകൂടി ഓടുന്നു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചോടെ അങ്ങാടിക്കടവ് സ്കൂളിന് സമീപം കണ്ട ആന വലിയപറമ്പിൻകരി ആശാൻ കുന്നിലെ റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. വനം, ആർ.ആർ.ടി, പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി. പാറയ്ക്കാമല മേഖലയിൽനിന്നെത്തിയ കാട്ടാന രാത്രി വൈകിയും തിരികെ പോകാതെ പരിഭ്രാന്തി പരത്തി. പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നൽകി. ആശാൻ കുന്നിൽ നിലയുറപ്പിച്ച ആനയെ വനം ആർ.ആർ.ടി സംഘം തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ഈന്തുംകരി അടിവാരത്തിന് സമീപം കയറിയ ആന അക്രമാസക്തനാകുകയും രണ്ടു വീടുകളുടെ ഷെഡും ഒരു മിഷ്യൻ പുരയും തകർത്തു. കുരിശുംമൂട്ടിൽ ചാക്കോ, പുത്തൻ പുരയ്‌ക്കൽ റോയി എന്നിവരുടെ വീടിന്റെ ഷെഡുകളും വട്ടുകുളം ബിജോയിയുടെ മിഷ്യൻ പുരയുമാണ് തകർത്തത്. കരിക്കോട്ടക്കരി ടൗൺ ഭാഗത്തേക്ക് ആന തിരിഞ്ഞെങ്കിലും വീണ്ടും ഈന്തുംകരിക്ക് സമീപമെത്തി. ഇവിടെനിന്ന് 5.30 ഓടെ വീണ്ടും ആശാൻ കുന്നിലേക്ക് കയറിപ്പോവുകയായി. തുരത്തൽ 6.30 യോടെ നിർത്തി
വെളിച്ചക്കുറവും പരിചയമില്ലാത്ത പ്രദേശവും തടസമായി. ജനങ്ങൾ ആനയെ കാണാൻ പുറത്തിറങ്ങിയതും ശബ്ദവെച്ചതും കൂട്ടം കൂടി നിന്നതും അധികൃതർക്ക് വെല്ലുവിളിയായി. ജനപ്രതിനിധികളും സ്ഥലത്തെത്തി. മേഖലയിൽ നാലിൽ അധികം സ്ഥലത്ത് വനംവകുപ്പ് പട്രോളിങ് നടത്തിവരികയാണ്. ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ തുടങ്ങി 20 അധികം വരുന്ന സേനാഗംങ്ങളാണ് തുരത്തലിന് നേതൃത്വം നൽകുന്നത്. വാണിയപ്പാറ തട്ടിലും പാലത്തുംകടവിലും രാത്രി കാട്ടാനയിറങ്ങി. വനാതിർത്തികളിലെ സോളാർ വേലി നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ ആനയെ നിയന്ത്രിക്കാൻ കഴിയൂ. പാലത്തുംകടവ് വേലി നിർമാണം 90 ശതമാനം പൂർത്തിയായി. ബാക്കിവരുന്ന ഭാഗം തടസപ്പെട്ടിരിക്കുകയായിരുന്നു.
നാല് വാർഡുകളിൽ നിരോധനാജ്ഞ
കണ്ണൂർ: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അപകടമുണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വൈകീട്ട് നാലു മുതൽ 22 വൈകീട്ട് ആറുവരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, ഒമ്പത്, 11 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് കലക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

