ഇരിട്ടിയിൽ ഇനി വൈദ്യുതി കേബിൾ വഴി; പ്രവൃത്തി തുടങ്ങി
text_fieldsഇരിട്ടിയിൽ വൈദ്യുതി വിതരണം കേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിക്ക് തുടക്കം
കുറിച്ചപ്പോൾ
ഇരിട്ടി: വൈദ്യുതി വിതരണം ആധുനികവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ് സ്‌കീമിൽ ഉൾപ്പെടുത്തി ഇരിട്ടി ടൗണിലെ വൈദ്യുതി വിതരണം പൂർണമായും കേബിൾ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ജോലി പുരോഗമിക്കുന്നു.
പദ്ധതി പൂർത്തിയാവുന്നതോടെ ഇരിട്ടി വൈദ്യുതിത്തൂൺ രഹിത നഗരമായി മാറും. പ്രവർത്തനക്ഷമത, വിശ്വസനീയമായ വൈദ്യുതി വിതരണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം പ്രസരണ നഷ്ടം കുറക്കുക, വൈദ്യുതി വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുക എന്നിവ ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് റിവാബ്ഡ് ഡിസ്ട്രിബ്യുഷൻ സെക്ടർ സ്‌കീം (ആർ.ഡി.എസ്.എസ്).
ഇതോടെ ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളും കേബിൾ ആക്കുന്നതോടെ ഇല്ലാതാകും. ഇരിട്ടി നഗരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഇരിട്ടി പാലം മുതൽ കീഴൂർ വരെ റോഡിന് ഇടതുവശത്തെ രണ്ട് കിലോമീറ്ററും നേരംപോക്ക് കവല മുതൽ കീഴൂർ അമ്പലം കവലയിൽനിന്ന് കീഴൂർ അമല ആശുപത്രി ജങ്ഷൻ വരെ 2.8 കിലോമീറ്ററുമാണ് കേബിൾ വലിക്കുക. 55 ലക്ഷം രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തിൽ ഇരിട്ടി പാലം മുതൽ കീഴൂർ വരെ റോഡിന്റെ വലതുവശത്തെ ലൈനുകളും മാറ്റും.
വൈദ്യുതി വിതരണ ശൃംഖലയിലെ എൽ.ടി ലൈനുകളും കടകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നഗര മേഖലയിലെ വീടുകളിലേക്കുമുള്ള ലൈനുകൾ പൂർണമായും കേബിളാകും. അതേസമയം, എച്ച്.ടി ലൈനുകൾ കമ്പികളിലൂടെ തന്നെ തുടരും. കെ.എസ്.ഇ.ബി പ്രവർത്തനങ്ങളോടു സഹകരിക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും വ്യാപാരി പ്രതിനിധികളുടെയും ഉപഭോക്താക്കളുടെ പ്രതിനിധികളുടെയും മരാമത്ത്-ടെലകോം-ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

