വീട്ടു കിണറ്റിൽ ഡീസൽ; പെട്രോൾ പമ്പിലെ ടാങ്ക് പരിശോധനക്കായി പുറത്തെടുത്തു
text_fieldsവലിയപറമ്പുംകരിയിലെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധനക്കായി വെളിയിൽ എടുക്കുന്നു
ഇരിട്ടി: അയ്യൻകുന്ന് വലിയപറമ്പുംകരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു കിണറ്റിൽ ഡീസൽ കലർന്ന സംഭവത്തിൽ സമീപത്തെ പെട്രോൾ പമ്പിലെ ഡീസൽ ടാങ്ക് പരിശോധനക്കയി പുറത്തെടുത്തു. ഓയിൽ കമ്പനി അധികൃതർ ഇല്ലാതെ കരാറുകാരന്റെ മേൽനോട്ടത്തിൽ പരിശോധന നടത്താനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞു. പെട്രോൾ പമ്പിലെ ടാങ്കുകൾ സ്ഥാപിക്കുന്ന മാനദണ്ഡം ഉൾപ്പെടെ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താതെ വീണ്ടും പരിശോധനയുടെ പേരിലുള്ള പ്രഹസനം അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ പ്രദേശവാസികളും പെട്രോൾ പമ്പ് അധികൃതരും തമ്മിൽ വാക്കുതർക്കവും നടന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഇടപെട്ട് പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം കമ്പനി എൻജിനീയറിങ് വിഭാഗത്തിന്റെ സാന്നിധ്യത്തിൽ ടാങ്കിന്റെ ചോർച്ച , ടാങ്ക് സ്ഥാപിക്കുന്ന സ്ഥലത്തെ നിർമാണ പ്രവൃത്തികൾ ഉൾപ്പെടെ പരിശോധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശം നൽകി. രണ്ടാഴ്ച മുമ്പാണ് പമ്പിന് സമീപത്തെ പൂത്തോട്ടാൽ സജിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കാണുന്നത്.
തുടർന്ന് പമ്പിലെ ടാങ്കിൽ ഡീസൽ തീർത്ത ശേഷം പുറത്തെടുത്ത് ചോർച്ച പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിണറ്റിലെ സാമ്പിൾ പരിശോധിക്കാനും തീരുമാനിച്ചിരുന്നു .പഞ്ചായത്ത് നൽകിയ സാമ്പിളിന്റെ പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പമ്പിൽ നിന്നുള്ള ഡീസൽ തന്നെയാണോ കിണറ്റിൽ കലരുന്നത് എന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ . കഴിഞ്ഞ രണ്ടാഴ്ചയായി വാഹനത്തിൽ വെള്ളം എത്തിച്ചാണ് കുടുംബം കഴിയുന്നത്.
ഡീസൽ കലരുന്നത് രണ്ടാം തവണ
കിണറ്റിലെ വെള്ളത്തിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് മുമ്പ് സമീപത്തെ തോട്ടിലും വലിയ തോതിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു . അന്നും ഒരാഴ്ചയോളം പമ്പ് പൂട്ടിയിരുന്നു . തുടർന്ന് ഓയിൽ കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ എത്തി ടാങ്കിൽ പ്രഷർ നിറച്ച് പരിശോധന നടത്തി ലീക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു . ഇത്തവണയും കിണറ്റിൽ ഡീസൽ കണ്ടതോടെ അതേ ഉദ്യോഗസ്ഥൻ വീണ്ടും എത്തി. ഇതിൽ പ്രകോപിതരായ നാട്ടുകാർ അതൃപ്തി അറിയിച്ചതോടെ അദ്ദേഹം മടങ്ങിപോയിരുന്നു.
തുടർന്ന് പഞ്ചായത്ത് ഇടപെട്ട് ഓയിൽ കമ്പനി റീജണൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പരിശോധനക്കായി ടാങ്ക് പുറത്തെടുത്തത്. പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.സി. ചാക്കോ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ ജോസ്കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, അംഗങ്ങളായ ഷെമീന ബാബു,ഷീൻ ജോസഫ്,എം. രാജേഷ് , റീന ബോബി, സിന്ധു ഷാജി ,ലൈലാമ്മ മാത്യു,അനീഷ് കെ.പോൾ ,കരിക്കോട്ടക്കരി പൊലീസ്, വില്ലേജ് ഓഫിസർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

