നവീകരണത്തിന്റെ മറവിൽ മരംകൊള്ള
text_fieldsവീർപ്പാട് തൊത്തുമ്മലിലെ പൊതുശ്മശാന ഭൂമിയിലെ കുറ്റൻ മരം മുറിച്ചതിന്റെ അടിഭാഗം
ഇരിട്ടി: നവീകരണത്തിന്റെ മറവിൽ പൊതുശ്മശാന ഭൂമിയിൽ മരം കൊള്ളക്കുള്ള നീക്കം. പഞ്ചായത്തിലെ വീർപ്പാട് തൊത്തുമ്മലിൽ ഉടൻ പ്രവർത്തനം തുടങ്ങാനിരിക്കുന്ന പൊതുശ്മശാനത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നാണ് മരംമുറി നടന്നത്. ശ്മശാന ഭൂമിയിലെ 75 സെൻറ് സ്ഥലത്തുള്ള മുപ്പതോളം മരങ്ങൾ മുറിച്ചതായാണ് പരാതി.
കുന്നി, ഇരുമ്പ് കുന്നി, മഹാഗണി, മരുത്, ഇരൂൾ എന്നീ മരങ്ങളാണ് മുറിച്ചത്. മരങ്ങൾ കഷണങ്ങളാക്കിയ നിലയിലാണ്. ഇതിൽ ഒരു ഭാഗം കഴിഞ്ഞ ദിവസം കോമ്പൗണ്ടിനു പുറത്ത് റോഡരികിൽ, കൊണ്ടുപോകാൻ വിധത്തിൽ കൂട്ടിയിട്ട നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം ശ്മശാനത്തിന്റെ നവീകരണപ്രവൃത്തി വിലയിരുത്താൻ എത്തിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവിധ കഷണങ്ങളാക്കിയ മരങ്ങൾ വീണ്ടും ശ്മശാന കോമ്പൗണ്ടിനുള്ളിലേക്ക് കൊണ്ടിട്ടതായും പറയുന്നു. ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആറളം പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഈ പ്രശ്‌നം ഉയർന്നെങ്കിലും അന്വേഷണം നടത്തി വിശദമായ നടപടിയെടുക്കാമെന്ന് സെക്രട്ടറിയും പ്രസിഡന്റും ഉറപ്പുനൽകിയതായും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. നവീകരണത്തിന്റെ മറവിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്താൻ ശ്രമം ഉണ്ടായത്.
അനുമതി നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും യോഗത്തെ അറിയിച്ചതെന്ന് അവർ പറഞ്ഞു. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളായ ജോസ് അന്ത്യംകുളം, വത്സ ജോസ്, ജോർജ് ആലംപള്ളി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ, ജെസ്സി ഉമ്മിക്കുഴി, കെ.പി. സലീന, മാർഗരറ്റ്, നാസർ ചാത്തോത്ത് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിക്ക് പരാതി നൽകി.
മരംമുറിയെ സംബന്ധിച്ച് ക്രമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും 49 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തി നടക്കുന്നതുമായി ബന്ധപ്പെട്ട് ജനറേറ്ററിന് ഭീഷണിയായതും ഉണങ്ങി അപകടാവസ്ഥയിലുമായ ഏതാനും മരങ്ങൾ മുറിച്ച് സ്ഥലത്ത് കൂട്ടിയിട്ടുണ്ട് എന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലേലം ചെയ്യുമെന്നും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

