രാഷ്ട്രീയ വിരോധത്തിൽ തട്ടുകട പൂട്ടിച്ചതായി പരാതി
text_fieldsകീഴൂർക്കുന്നിൽ നഗരസഭാ അധികൃതർ പൂട്ടിച്ച തട്ടുകട
ഇരിട്ടി: രാഷ്ട്രീയ വിരോധം വെച്ച് നിർധന കുടുംബം നടത്തുന്ന തട്ടുകട ഇരിട്ടി നഗരസഭ പൂട്ടിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കീഴൂരിലെ കൊല്ലംപറമ്പിൽ ഷാജിയാണ് സ്വന്തം സ്ഥാപനത്തോട് ചേർന്ന് തട്ടുകട തുടങ്ങിയത്.
ഏഴു ദിവസം പ്രവർത്തിച്ചതിനുശേഷമാണ് കട പൂട്ടണമെന്ന നിർദേശവുമായി നഗരസഭാധികൃതർ രംഗത്തെത്തുന്നത്. തെരുവോര കച്ചവടം നടത്തുന്നതിനുള്ള എല്ലാ നിബന്ധനകളും പാലിച്ച് താൽക്കാലിക ലൈസൻസിനായി നഗരസഭയിൽ അപേക്ഷ നൽകി. അതിനിടെയാണ് നഗരസഭാധികൃതർ കടപൂട്ടിച്ചത്. തട്ടുകടക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പൂട്ടാൻ നിർദേശിച്ചതെന്നുമാണ് പറയുന്നത്.
എല്ലാ നിബന്ധനകളും പാലിച്ചാണ് കട തുടങ്ങിയതെന്നും കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചു എന്ന കാരണത്താലാണ് കട പൂട്ടിക്കാനുള്ള തീരുമാനമുണ്ടായതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. ഇരട്ടി ടൗൺ മുതൽ പത്തൊമ്പതാം മൈൽ വരെ ഹൈവെയുടെ ഇരുവശങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും നിരവധി തട്ടുകടകൾ അനധികൃതമായി പ്രവർത്തിക്കുമ്പോഴാണ് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന തട്ടുകട പൂട്ടിക്കാൻ അധികൃത രംഗത്തെത്തിയത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയത്തിന് കാരണക്കാരൻ എന്ന നിലയിൽ ഷാജിയാട് പ്രതികാരം തീർക്കുകയാണ്. നിർധനരായ അഞ്ച് പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ് ഇത്. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് സ്ഥാപനം തുടങ്ങിയത്.
പഴഞ്ചേരിയിൽ നഗരസഭാഗത്തിന്റെ ബന്ധു ഒരു ലൈസൻസും ഇല്ലാതെ തട്ടുകട നടത്തുമ്പോഴാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഈ നടപടിയെന്നും കട തുടങ്ങാൻ അനുവദിച്ചില്ലെങ്കിൽ അധികൃത തട്ടുകടകൾക്കെതിരേയും സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കളായ ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദ്ദനൻ, കെ.പി. ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

