റോഡിൽ രക്തം വാർന്നുകിടന്ന യുവാവിന് എ.എം.വി.െഎ രക്ഷകനായി
text_fieldsഇരിട്ടി: ഉളിക്കൽ-ഇരിട്ടി റൂട്ടിൽ പുതുശ്ശേരിയിൽ ഇരുചക്രവാഹനം റോഡിൽ തെന്നിവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാർന്ന കീഴൂർ സ്വദേശി ജെയിംസിനെ ഇരിട്ടിയിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.പി. ശ്രീജേഷ്, ഡ്രൈവർ എം.കെ. ശ്രീജിത്ത് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഔദ്യോഗിക ആവശ്യത്തിന് ഉളിക്കലിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് രക്തം വാർന്നുകിടക്കുന്ന ജെയിംസിനെ കണ്ടത്. ഈ സമയം ഇതുവഴിയുള്ള യാത്രക്കാർ ചുറ്റും കൂടിനിന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല.
തുടർന്ന് ഇരുവരും ഒൗദ്യോഗിക വാഹനത്തിൽ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റ ആളുടെ കോവിഡ് പരിശോധനഫലം വരുന്നതുവരെ ഇരുവരും നിരീക്ഷണത്തിൽ പോയി.

