ഷിഗെല്ല: ഇരിട്ടിയിൽ നടപടികൾ ഊർജിതം
text_fieldsഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രെൻറ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഇരിട്ടി മേഖലയിൽ പരിശോധന നടത്തുന്നു
ഇരിട്ടി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ഷിഗെല്ലയും കൂടി മേഖലയിൽ റിപ്പോട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.
ഇരിട്ടി പയഞ്ചേരി മുക്കിലെ ഒൻമ്പതുകാരിക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല ബാക്ടീരിയ ബാധ കണ്ടെത്തിയത്. രോഗബാധിതയായ പെൺകുട്ടി അടുത്ത കാലത്തൊന്നും മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഇതാണ് രോഗത്തിെൻറ ഗൗരവം വർധിപ്പിക്കുന്നത്. ഈ മേഖലയിൽ നിന്നുതന്നെയാണ് രോഗം പടർന്നത് എന്നാണ് സംശയിക്കുന്നത്.
അതിനാൽ, മേഖലയിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. ബാക്ടീരിയ ബാധ കണ്ടെത്തിയ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെൺകുട്ടിയുടെയും സമീപത്തെയും വീട്ടുകിണറികളിൽ നിന്നും വെള്ളം പരിശോധനക്കെടുത്തു. സമീപത്തെ കിണറുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെ നടത്തി.
മേഖലയിലെ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തി. രോഗ ബാധയുള്ള കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയിരുന്നു. വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിെഗല്ല സ്ഥിരീകരിച്ചത്. ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. കുഞ്ഞിരാമൻ, ജെ.എച്ച്.ഐ അനിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്.

