ഇരിട്ടി സബ്ഡിവിഷനിൽ 38 മാവോവാദി ഭീഷണി ബൂത്തുകൾ
text_fieldsഇരിട്ടി: ഇരിട്ടി പൊലീസ് സബ്ഡിവിഷനിൽ 38 ബൂത്തുകളിൽ മാവോവാദി ഭീഷണി കണക്കിലെടുത്ത് വൻസുരക്ഷ ഒരുക്കുന്നു. നേരത്തെ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള വനാതിർത്തി പ്രദേശങ്ങളോടു ചേർന്ന ബൂത്തുകളെയാണ് പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ഇരിട്ടി, ഉളിക്കൽ, ആറളം, കരിക്കോട്ടക്കരി, പേരാവൂർ, കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മാവോവാദി ഭീഷണി ബൂത്തുകൾ ഉള്ളത്.
ഇതിൽ ഏറ്റവും അധികം ബൂത്തുകൾ കേളകം സ്റ്റേഷൻ പരിധിയിലാണ്, 14 ബൂത്തുകൾ. ഉളിക്കലിലും കരിക്കോട്ടക്കരിയിലും ആറുവീതം ബൂത്തുകളും ആറളത്തും ഇരിട്ടിയിലും പേരാവൂരിലും നാലു ബൂത്തുകളുമാണ് മാവോവാദി ഭീഷണി പട്ടികയിലുള്ളത്.
സാധാരണ കാവലിന് പുറമെ ഇത്തരം ബൂത്തുകളിൽ തോക്കേന്തിയ തണ്ടർബോൾട്ട് സേനാംഗങ്ങളും സുരക്ഷക്കായി ഉണ്ടാകും. 38 ബൂത്തുകൾ 23 കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുക. ഈ കെട്ടിടങ്ങളുടെ നിർദിഷ്ട പരിധിക്ക് പുറത്തായിരിക്കും വോട്ടർമാരുടെ ക്യൂ പോലും ഉണ്ടാവുക. വെബ് കാമറ നിരീക്ഷണവും ഉണ്ടാവും.

