ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ സ്തംഭനാവസ്ഥയിലേക്ക്
text_fieldsഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂനിറ്റ്
ഇരിട്ടി: വൃക്കരോഗികൾക്ക് ആശ്വാസമായി മാറിയ ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ് ഉദാരമതികളുടെ കനിവ് തേടുന്നു. സെന്ററിന്റെ നടത്തിപ്പിനായി പണം കണ്ടെത്താൻ കഴിയാത്തതാണ് യൂനിറ്റിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാർക്കുള്ള ശമ്പളം നാലുമാസമായി മുടങ്ങിയെങ്കിലും ഉദാരമതികളുടെ സഹായത്താൽ രണ്ടു മാസത്തേത് നൽകാൻ കഴിഞ്ഞു. രണ്ടു മാസത്തെ വേതനം കുടിശ്ശികയായി കിടക്കുകയാണ്.
കനിവ് കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂനിറ്റിന്റെ നടത്തിപ്പിനുള്ള പണം സൊസൈറ്റിയായിരുന്നു കണ്ടെത്തിയിരുന്നത്. ഉദാരമതികളിൽ നിന്നും സഹായം സ്വീകരിച്ച് ഏഴു വർഷമായി നല്ലനിലയിലായിരുന്നു പ്രവർത്തിച്ചുവന്നത്. ഈ കാലത്തിനിടയിൽ 21087 ഡയാലിസിസാണ് ചെയ്തത്. ആദ്യം ഒരു ഷിഫ്റ്റും പിന്നീട് രണ്ടു ഷിഫ്റ്റിലേക്കും മാറി.
മൂന്നാമതൊരു ഷിഫ്റ്റ് കൂടി ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങളും രോഗികളും ഉണ്ടെങ്കിലും നിലവിലുള്ള രണ്ടു ഷിഫ്റ്റ് ജീവനക്കാർക്ക് പോലും മാസാമാസം വേതനം നൽകാൻ കഴിയുന്നില്ല. ആശുപത്രി മാനേജ്മെന്റിൽ നിന്നുള്ള ഫണ്ടും നഗരസഭ ഗ്രാന്റും യൂനിറ്റിലേക്ക് മരുന്നുകളും മറ്റുസൗകര്യങ്ങളും ഒരുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി 34 പേരാണ് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നത്.
256 പേർ ഡയാലിസിസിനായി അപേക്ഷ നൽകി കാത്തിരിപ്പുണ്ട്. മൂന്നാം ഷിഫ്റ്റ് കൂടി പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യം ശക്തമാകുന്നതിനിടയിലാണ് രണ്ടു ഷിഫ്റ്റ് പോലും നടത്താൻ കഴിയാത്ത വിധം പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, മുഴക്കുന്ന്, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളുമാണ് ഇരിട്ടി ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്നത്. ഒരേ സമയം 10 പേർക്ക് ഡയാലിസിസ് നടത്താനാകുന്ന വിധം 10 യൂനിറ്റുകളാണ് സെന്ററിൽ ഉള്ളത്.
മൂന്നു ഷിഫ്റ്റുകളാക്കിയാൽ 100 വൃക്ക രോഗികൾക്ക് ഡയാലിസിസ് നൽകാനാകും. സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2019ലാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിച്ചത്. ഡയാലിസീസ് യൂനിറ്റിന്റെ പരിധിയിൽ വരുന്ന ഇരിട്ടി നഗരസഭക്കൊപ്പം മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി വിഹിതമായി ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസിനുള്ള പണം അനുവദിച്ചാൽ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

