Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുഴലിക്കാറ്റ്: കാരാപ്പറമ്പിൽ വ്യാപക നാശനഷ്ടം

text_fields
bookmark_border
ചുഴലിക്കാറ്റ്: കാരാപ്പറമ്പിൽ   വ്യാപക നാശനഷ്ടം
cancel

ഇരിട്ടി: ആറളം പഞ്ചായത്തിലെ കാരാപ്പറമ്പ് മേഖലയിൽ ചൊവ്വാഴ്ച്ചയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും കൃഷിയിടങ്ങൾക്കും കേടുപാടുണ്ടായി.മലയോര ഹൈവേയിൽ ആവില ധ്യാനകേന്ദ്രത്തിന് സമീപം തേക്ക് മരം റോഡിനു കുറുകെ വീണ് എടൂർ-ആറളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മുറ്റത്തുനിന്ന കൂറ്റൻ മാവ് കടപുഴകി വീണ് വട്ടമറ്റത്തിൽ മാത്യുവിന്റെ വീടിന് കേടുപാടുണ്ടായി. കാർപോർച്ച് പൂർണമായും തകർന്നു.

അപകടസമയത്ത് കാർപോർച്ചിൽ വാഹനം ഉണ്ടായിരുന്നില്ല. കല്ലമ്മാരിൽ ട്രീസയുടെ വീടിനു മുകളിലേക്കും മരം പൊട്ടിവീണു. മടത്തിക്കുഴിഞ്ഞൂർ മാത്യുവിന്റെ വീടിനും മരം വീണ് കേടുപാടുണ്ടായി. ദിലീപ് ഏലാട്ടിലിന്റെ വീടിന്റെ ആസ്‌ബറ്റോസ് മേൽക്കൂര കാറ്റിൽ തകർന്നു. നാട്ടുകാർ പ്ലാസ്റ്റിക് വലിച്ചുകെട്ടി വീട് താത്കാലികമായി താമസയോഗ്യമാക്കി. സമീപത്ത് പ്രവർത്തിക്കുന്ന മലബാർ കാർഷിക നഴ്സറിയുടെ മേൽക്കൂര പൂർണമായും തകർന്നു. മേൽക്കൂര തകർന്നുവീണ് നിരവധി ചെടികൾക്ക് കേടുപാടുണ്ടായി. നഴ്സറിയിൽ സൂക്ഷിച്ചിരുന്ന വളം ഉൾപ്പെടെയുള്ളവ മഴയിൽ നനഞ്ഞും നശിച്ചു.

മേഖലയിലെ നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നിരവധി റബർ മരങ്ങളും കടപുഴകി. മരങ്ങൾ വൈദ്യുതി ലൈനുകളിൽ വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. മൈത്രീ ഭവനു സമീപം മരങ്ങൾ കടപുഴകി വീണെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. കാറ്റിൽ വാതിൽ ശക്തമായി അടഞ്ഞതിനെ തുടർന്ന് മൈത്രീ ഭവനിലെ ജീവനക്കാരിയുടെ കൈക്ക് പരിക്കേറ്റു.ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, സ്ഥിരംസമിതി അധ്യക്ഷൻ ജോർജ് ആലാംപള്ളി, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ മാത്യു, സെലീന എന്നിവർ സ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iritty Storm Causes Widespread Damage
Next Story