
representative image
ബൈക്കിലിടിച്ചതിന്റെ ദേഷ്യത്തിൽ പോത്തിനെ കടത്തിക്കൊണ്ടുപോയി; കേസായപ്പോൾ തിരിച്ചുനൽകി
text_fieldsഇരിക്കൂർ (കണ്ണൂർ): റോഡിലൂടെ കടന്നുപോവുകയായിരുന്ന പോത്ത് ബൈക്കിലിടിച്ചതിെൻറ വൈരാഗ്യത്തിൽ ബൈക്ക് യാത്രികനും സുഹൃത്തുക്കളും കടത്തിക്കൊണ്ടുപോയ പോത്തുകളെ ഉടമസ്ഥന് തിരിച്ചുനൽകി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെടയങ്കോട് നരിത്തൂക്ക് നഴ്സറിക്ക് സമീപത്തുവെച്ചാണ് പടിയൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന് പോത്തിടിച്ച് പരിക്കേറ്റത്.
തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തി, റോഡിലൂടെ പോത്തുകൾ പോയതാണ് അപകടത്തിന് കാരണമെന്നാരോപിച്ച് പരിക്കേറ്റ പോത്തിനെയും കൂടെയുള്ള മറ്റൊന്നിനെയും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. പോത്തുകളുടെ ഉടമസ്ഥനായ ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫ ഇരിക്കൂർ പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകി.
തുടർന്ന് അന്വേഷണം നടക്കുേമ്പാൾ സംഘം, പോത്തുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ, പരിക്കേറ്റ പോത്തിന് ചികിത്സ ആവശ്യമായതോടെ ചികിത്സക്കായി ഡോക്ടറെ സ്ഥലത്തേക്ക് എത്തിക്കേണ്ടിവന്നു. അന്വേഷണം ഊർജിതമായതോടെ, പോത്തിനെ കടത്തിക്കൊണ്ടുപോയവർ കൊണ്ടുപോയ വാഹനത്തിൽതന്നെ ഉടമസ്ഥന് പോത്തുകളെ തിരിച്ചെത്തിച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
