കണ്ണ് തുറക്കൂ അധികാരികളെ; റോഡിൽ നിറയെ കുഴികളാ
text_fieldsകണ്ണൂർ ഇരിക്കൂർ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ
ഇരിക്കൂർ: ഇരിക്കൂർ –കണ്ണൂർ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങൾ പതിവാകുന്നു. ഇരിക്കൂർ പാലം മുതൽ ആയിപ്പുഴ ബസ് സ്റ്റോപ് വരെ നിരവധി കുഴികളാണുള്ളത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടം പതിവാണ്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ മറികടക്കുന്നത് മൂലം എതിർ ദിശയിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്.
കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രികന് കുഴിയിൽ വീണ് സാരമായി പരിക്കേറ്റിരുന്നു. മഴക്കാലമായതോടെ നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടത്. അധികൃതർ താൽക്കാലിക സ്വഭാവത്തിൽ കുഴികൾ അടച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ കുഴികൾ പഴയ നിലയിലായി. കണ്ണിൽ പൊടിയിട്ടുള്ള പ്രവർത്തനമല്ല വേണ്ടതെന്നും ശാശ്വതമായ പരിഹാരത്തിനായി അധികാരികൾ കണ്ണുതുറന്നില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

