ഇരിക്കൂർ: ഇരിക്കൂർ സിദ്ദീഖ് നഗറിൽ വളർത്തു മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തു. കീത്തടത്ത് ഹൗസിൽ കെ. ഹസീന അശ്റഫിെൻറ 15 കോഴികളാണ് അജ്ഞാത രോഗത്താൽ ചത്തത്. സാധാരണ ചെയ്യുന്നതുപോലെ കൃത്യസമയത്ത് തീറ്റയും വെള്ളവുമെല്ലാം കൊടുത്തതായിരുന്നു. കോഴിക്കൂട്ടിലെ ഒരു അറയിൽ ഉള്ള കോഴികൾ മുഴുവനുമാണ് ചത്തത്.
കോഴികളെ വീട്ടുടമ കൂട്ടിലടച്ച് കിടന്നതായിരുന്നു. നേരം പുലർന്നപ്പോൾ കൂടിന്നരികിൽ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴാണ് കൂട്ടിലെ ഒരു അറയിലെ കോഴികൾ ഒന്നൊഴിയാതെ ചത്തതായി വീട്ടുടമ കാണുന്നത്. ഭക്ഷണത്തിലെ വിഷബാധയോ, വിഷപ്പാമ്പുകളുടെ വിഷം ചീറ്റലോ, കോഴി വസന്തരോഗമോ എന്നെല്ലാം വീട്ടുകാരും നാട്ടുകാരും സംശയിക്കുന്നു. അടുത്തുള്ള കോഴിക്കൂടുകളിലെ കോഴികൾക്ക് ഒന്നുമില്ലാതെ ഒരു കൂട്ടിലെ കോഴികളാണ് മുഴുവനും കൂട്ടത്തോടെ ചത്തത്.
കൃഷി ഉടമ കോഴി കർഷകരുമായി ബന്ധപ്പെട്ടെങ്കിലും കാരണം വ്യക്തമല്ല. ചത്ത ഏതാനും കോഴികളെ ഇരിക്കൂർ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ചത്ത കാരണം വ്യക്തമാവുകയുള്ളൂവെന്ന് മൃഗഡോക്ടർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി ഇവയെ കണ്ണൂരിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.