നിക്ഷേപ പദ്ധതി തട്ടിപ്പ്; 14 ലക്ഷം രൂപ തട്ടിയതായി പരാതി
text_fieldsകണ്ണൂർ: ലാഭവിഹിതം വാഗ്ദാനം നൽകി നിക്ഷേപ പദ്ധതിയിൽ പണം തട്ടിയതായി പരാതി. 14 ലക്ഷം രൂപ തട്ടിയതായി കണിച്ചാർ സ്വദേശി പി.കെ. കൃഷ്ണൻ നൽകിയ പരാതിയിലാണ് വിശ്വാസവഞ്ചന നടത്തിയ നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കണിച്ചാറിൽ പ്രവർത്തിച്ചിരുന്ന യൂസ്യർ അസോസിയേറ്റ് സ്ഥാപനത്തിലെ കണ്ണൂർ പാറക്കണ്ടി സ്വദേശി നഫീസ മൻസിലിൽ മുസാഫി മുസമ്മൽ, സൗത്ത് ബസാറിലെ പി.പി. ഹബീബ്, പള്ളിക്കുന്ന് ചെട്ടിപ്പീടികയിലെ നസീർ മീത്തലകത്ത്, കണ്ണൂർ ചൊവ്വ തയ്യമ്പള്ളി റോഡിലെ സി.എം. ശ്രീജിത്ത് എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചനക്ക് കേസെടുത്തത്. സ്ഥാപനത്തിന്റെ 15 ഡയറക്ടർമാരിൽ ഒരാളാണ് പരാതിക്കാരൻ. റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നേരത്തേ ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും കണ്ണൂർ സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. 2018-19 കാലയളവിൽ കണിച്ചാറിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലേക്ക് പരാതിക്കാരനിൽനിന്നും നിക്ഷേപം സ്വീകരിച്ച് മുതലോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.