മാലിന്യം തള്ളാനെത്തിയ വാഹനമിടിച്ച് പരിക്ക്
text_fieldsപരിക്കേറ്റ മുരളീധരൻ
തളിപ്പറമ്പ്: മാലിന്യം തള്ളാനെത്തിയ വാഹനമിടിച്ച് ആന്തൂർ നഗരസഭ മാലിന്യ സംസ്കരണ സോഷ്യൽ ഓഡിറ്റ് ടീം കൺവീനർക്ക് ഗുരുതര പരിക്ക്. തവളപ്പാറ കടമ്പേരി റോഡിലെ പി.വി. മുരളീധരനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 7.20നാണ് സംഭവം. മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്ത് തവളപ്പറ കടമ്പേരി റോഡിൽ കാടുപിടിച്ച സ്ഥലത്ത് സ്ഥിരമായി മാലിന്യം തള്ളുന്നതായി നിരവധി പരാതികൾ ഉണ്ടായിരുന്നു.
നാട്ടുകാരും നഗരസഭയും മാലിന്യം തള്ളാനെത്തുന്നവരെ കണ്ടെത്താൻ ശ്രമം നടത്തി വരുകയായിരുന്നു. മുരളീധരൻ വീടിന് സമീപം നിൽക്കുമ്പോഴാണ് ഗുഡ്സ് ഓട്ടോറിക്ഷയിൽ മാലിന്യവുമായി എത്തിയത്. തുടർന്ന് ഓട്ടോ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിനിടയിൽ ഓട്ടോ മുന്നോട്ടെടുത്തു. ഓട്ടോയിൽ കുടുങ്ങിപ്പോയ മുരളീധരൻ റോഡിൽ വീണാണ് താടിയെല്ലിനും കൈക്കും പരിക്കേറ്റത്. ഇദ്ദേഹത്തെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാലിന്യം തള്ളിയതിനെതിരെ നഗരസഭയുടെ ഭാഗത്തു നിന്നും കർശന നടപടിയുണ്ടാകുമെന്നും വാഹന ഉടമക്കും വാഹനത്തിനുമെതിരെ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്നും ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ആവശ്യപ്പെട്ടു.സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി മാലിന്യം തള്ളിയതായി കണ്ടെത്തി.
നഗരസഭ ചെയർമാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരൻ, ജെ.എച്ച്.ഐ ബി. അനുശ്രീ എന്നിവർ ആശുപത്രിയിൽ മുരളീധരനെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

