ഇന്ത്യൻ ഭരണഘടന അപകടത്തിലേക്ക് -രാം പുനിയാനി
text_fieldsപയ്യന്നൂർ സാഹിത്യോത്സവം പയ്യന്നൂർ ഗാന്ധി പാർക്കിൽ രാം പുനിയാനിയും മുക്ത നരേന്ദ്ര ധാഭോൽകറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ: രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്നും പകരം മനുസ്മൃതിയാണ് ഇനി അനുസരിക്കേണ്ടി വരുകയെന്നും സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ രാം പുനിയാനി. നരേന്ദ്ര ധാഭോൽകറുടെ മകൾ മുക്ത നരേന്ദ്ര ധാഭോൽകറോടൊപ്പം പയ്യന്നൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രബോധത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും ഭയക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്ന വർഗീയവാദികൾ. ജനാധിപത്യ മതേതര ഇന്ത്യ ഇല്ലാതാവുകയാണ്. വ്യത്യസ്ത സംസ്കാരവും വിവിധ മതങ്ങളും എല്ലാം ഇന്ത്യയുടെ ഭാഗമായി നിലനിന്നിരുന്ന ദേശീയ പ്രസ്ഥാനകാലത്തെ ഗൃഹാതുരത്വം നഷ്ടപ്പെട്ടതായും രാം പുനിയാനി പറഞ്ഞു.
അന്ധവിശ്വാസങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ദുരന്തം ചെറുതല്ലെന്നും ഇതിനെതിരെയുള്ള പ്രതിരോധമായി സാഹിത്യോത്സവങ്ങൾ മാറേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിച്ച മുക്ത നരേന്ദ്ര ധാഭോൽകർ പറഞ്ഞു.
നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ, അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.വി. ജയരാജൻ, അഡ്വ. മാർട്ടിൻ ജോർജ് എന്നിവർ ഉപഹാരം സമർപ്പിച്ചു.
സാഹിത്യോത്സവ സപ്ലിമെന്റ് മുൻ എം.എൽ.എ സി. കൃഷ്ണൻ സി.വി. ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. എം. പ്രസാദ് സ്വാഗതം പറഞ്ഞു. തുടർന്ന് രാം പുനിയാനിയും മുക്ത നരേന്ദ്ര ധാഭോൽകറും പങ്കെടുത്ത സംവാദം നടന്നു. കെ. രാമചന്ദ്രൻ മോഡറേറ്ററായിരുന്നു. ജ്വാലാമുഖി സംഗീതശിൽപവും അരങ്ങേറി. പയ്യന്നൂരിലെ എഴുത്തുകാരുടെ സംഗമത്തോടെയാണ് പയ്യന്നൂർ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പരിപാടികൾ തുടങ്ങിയത്. സാഹിത്യ കൃതികളിൽ പയ്യന്നൂർ തെളിയുന്നതും മറയുന്നതും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ. ജിനേഷ് കുമാർ എരമം മോഡറ്റേറായിരുന്നു.
സി.വി. ബാലകൃഷ്ണൻ, പയ്യന്നൂർ കുഞ്ഞിരാമൻ, ഡോ. ഇ. ശ്രീധരൻ, മാധവൻ പുറച്ചേരി, കെ. അഖിൽ പങ്കെടുത്തു. കെ.യു. രാധാകൃഷ്ണൻ സ്വാഗതവും എ. ആന്റണി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങങ്ങളിൽ പാനൽ ചർച്ച, സംവാദം, ഭിന്നശേഷി കലാമേള, മാജിക് ഷോ, പാട്ടുകൂട്ടം, കഥാരചന മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ വിവിധ വേദികളിൽ നടന്നു.
ശനിയാഴ്ച രാവിലെ മുതൽ വിവിധ വേദികളിലായി അഭിമുഖം, പാനൽ ചർച്ചകൾ, പ്രഭാഷണം, പി. ജയചന്ദ്രൻ അനുസ്മരണം, പൂരക്കളി കലാകാര സംഗമം, ആദരസമ്മേളനം, വനിത സാംസ്കാരികോത്സവം, ബാലസാഹിത്യോത്സവം, ആരോഗ്യ പ്രവർത്തക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

