പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം
text_fieldsകണ്ണൂർ: പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനദായകമായ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക കാമ്പയിനുമായി ജില്ല ഭരണകൂടവും ഹരിതകേരള മിഷനും. പാഴ്‌വസ്തുക്കളില്‍നിന്ന് ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും നിർമിക്കുന്നതിന് താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും നല്‍കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ എൻജിനീയറിങ് കോളജുകള്‍, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, എൻ.ടി.ടി.എഫ് തലശ്ശേരി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കാമ്പയിനും പരിശീലനവും നടത്തുക. ഉല്‍പന്ന നിര്‍മാണത്തിന് താല്‍പര്യമുള്ളവരെയെല്ലാം കാമ്പയിന്റെ ഭാഗമാക്കും. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പങ്കെടുക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍, സംരംഭ സബ്‌സിഡി പോലുള്ളവക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ ബാധകമാണ്.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശീലനം ആവശ്യമാണെങ്കില്‍ അത് കാമ്പയിനിന്റെ ഭാഗമായി നല്‍കും. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ലഭിച്ച എന്‍ട്രികള്‍ തരംതിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ചവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം മേയിൽ സംഘടിപ്പിക്കും. ജില്ലയിലെ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകളെയും കാമ്പയിന്റെ ഭാഗമാക്കും. മാലിന്യസംസ്‌കരണ രംഗത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ജില്ലതലത്തില്‍ നവമാധ്യമ കൂട്ടായ്മ രൂപവത്കരിക്കും.
ഹരിത കേരള മിഷന്‍ ജില്ല ഓഫിസ് കേന്ദ്രീകരിച്ച് ദ്വൈമാസ ഇന്റേണ്‍ഷിപ് പരിശീലനം നല്‍കും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 8129218246 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

