തെങ്ങിൻ തൈകൾവെട്ടി നശിപ്പിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsഅഴിയൂരില്‍ ഞായറാഴ്ച രാത്രി വെട്ടി നശിപ്പിച്ച തെങ്ങിൻ തൈകൾ
മാഹി: അഴിയൂരിൽ കൃഷിയിടത്തിലെ 64 തെങ്ങിൻ തൈകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ ചോമ്പാല പൊലീസ് കേസെടുത്തു. കോറോത്ത് റോഡിലെ കുന്നത്ത് താഴെ മാത നിവാസിൽ പ്രകാശന്റെ ഉടമസ്ഥതയിലുള്ള അഴിയൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പിറക് വശത്തെ ഭൂമിയിലെ തെങ്ങിൻ തൈകളാണ് വ്യാപകമായി വെട്ടി നശിപ്പിച്ചത്. കുലച്ചതും കുലക്കാറായതുമായി അഞ്ച് വർഷം പ്രായമായ പുതിയ തരം കുള്ളൻ തെങ്ങിൻ തൈകളാണ് വെട്ടി വീഴ്ത്തിയത്. പുതിയ ഇനം കുള്ളൻ തെങ്ങുകളാണ് കട്ടിങ് യന്ത്രം ഉപയോഗിച്ച് മുറിച്ചിട്ടത്. ആർ.എം.പി നേതാവ് മോനാച്ചി ഭാസ്കരന്റെ മരുമകനാണ് പ്രകാശൻ.
രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് ഭാസ്കരൻ പറഞ്ഞു. കിഴക്കൻ മലയോര മേഖലകളിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വിളകൾ നശിപ്പിക്കുന്നത് നിത്യ സംഭവമാണ്. എന്നാൽ ഇത്തരം രീതി അഴിയൂർ മേഖലയിലും എത്തിയത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് പറമ്പിലെ തെങ്ങിൻ തൈകൾ നശിപ്പിച്ച വിവരം അറിയുന്നത്. വീടിന് കുറച്ച് അകലെയായി മയ്യഴിപ്പുഴയുടെ ഭാഗത്താണ് കൃഷിയിടം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് രാത്രികാലങ്ങളിൽ മദ്യപസംഘങ്ങൾ തമ്പടിക്കുന്നതായും വിവരമുണ്ട്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ്, താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

