കണ്ണൂരിൽ പേയിളകിയ പശുവിന്റെ അതിക്രമം; നാലുപേർക്ക് പരിക്ക്
text_fieldsഇനിയില്ല കുളമ്പടി...
കണ്ണൂരിൽ പേവിഷബാധയേറ്റ് പരിഭ്രാന്തി പടർത്തുകയും ആളുകളെ ആക്രമിക്കുകയും ചെയ്ത പശുവിനെ ആയിക്കര കിലാശിയിൽ പിടിച്ചുകെട്ടി ദയാവധം നടത്തിയശേഷം കുഴിച്ചിടാനായി മണ്ണുമാന്തിയന്ത്രത്തിൽ കൊണ്ടുപോകുന്നു
കണ്ണൂർ: നഗരത്തിൽ പേവിഷബാധയേറ്റ പശുവിന്റെ അതിക്രമത്തിൽ നാലുപേർക്ക് പരിക്ക്. ആയിക്കര ഭാഗത്ത് അലഞ്ഞുതിരിയുന്ന പശുവാണ് പേവിഷബാധയേറ്റ് ഞായറാഴ്ച അക്രമാസക്തമായത്. ആയിക്കരയിലെ മത്സ്യത്തൊഴിലാളി താഹക്കും റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകൾക്കും കുത്തേറ്റു.
പശുവിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ കൻടോൺമെന്റ് ജീവനക്കാരൻ വിനോദിന് പരിക്കേറ്റു. ആറ് പശുക്കൾക്കും കുത്തേറ്റിട്ടുണ്ട്. രാവിലെ ആറിനാണ് ആയിക്കര ഉപ്പളവളപ്പിൽ അക്രമാസക്തമായി അലഞ്ഞുതിരിയുന്ന നിലയിൽ പശുവിനെ കണ്ടെത്തിയത്.
കോർപറേഷൻ കൗൺസിലർ കെ.എം. സാബിറയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. രാവിലെ പത്തോടെ ആയിക്കരയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് കോമ്പൗണ്ടിലെത്തിയ പശു മത്സ്യതൊഴിലാളി താഹയെയും പശുക്കളെയും അക്രമിച്ചു.
ഇവിടെനിന്ന് ജില്ല ആശുപത്രി, കൻടോൺമെന്റ് ഭാഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ജില്ല ഫയർ ഓഫിസർ ബി. രാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സിറ്റി പൊലീസും പിടികൂടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഒരുകിലോമീറ്റർ ദൂരം ഓടിയ പശു, ജില്ല ആശുപത്രിക്ക് സമീപമാണ് രണ്ട് സ്ത്രീകളെ കുത്തിയത്.
തുടർന്ന് സമീപത്തെ കാട്ടിലേക്ക് കയറുകയായിരുന്നു. കൻടോൺമെന്റ് ജീവനക്കാരും നാട്ടുകാരും ഉച്ചക്ക് രണ്ടോടെ ആയിക്കര കിലാശ്ശിയിൽ സാഹസികമായി പശുവിനെ പിടികൂടി കെട്ടിയിട്ടു. ബക്കറ്റിൽ വെള്ളം നൽകിയശേഷം പിടിച്ചുകെട്ടുകയായിരുന്നു. അക്രമാസക്തമായി വലിയ ഒച്ചയുണ്ടാക്കി കയർ പൊട്ടിക്കാൻ ശ്രമമുണ്ടായി.
തുടർന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ലേഖയുടെ നിർദേശ പ്രകാരം ജില്ല ആശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ജിഷ്ണു മരുന്ന് കുത്തിവെച്ച് പശുവിനെ കൊന്നു. പശുവിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. പശുവുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് പ്രതിരോധ വാക്സിനെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പശുവിന്റെ പിറകുവശത്ത് എന്തോ ജീവി കടിച്ചതിന്റെ പാടുണ്ടായിരുന്നു. വൈകീട്ടോടെ കോർപറേഷന്റെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജഡം കൻടോൺമെന്റ് വളപ്പിലെത്തിച്ച് സംസ്കരിച്ചു. ഈ പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
വളർത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സ്ഥിതിയാണ്. ചൊവ്വാഴ്ച കോർപറേഷൻ പരിധിയിൽ ചാലയിൽ പേ വിഷബാധയേറ്റ് പശു ചത്തിരുന്നു. നഗരത്തിൽ തുടർച്ചയായി കന്നുകാലികൾക്ക് പേവിഷബാധയേൽക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

