കടവുകളിൽ വീണ്ടും മണൽക്കൊള്ള
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: മഴ കുറഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടവുകളിൽ മണൽക്കൊള്ള വീണ്ടും സജീവമായി. രാത്രികാലങ്ങളിലടക്കം ബോട്ടുകളും തോണികളും ഇറക്കിയാണ് വ്യാപകമായി നിയമം ലംഘിച്ച് മണൽ വാരുന്നത്. പുഴയോരങ്ങളിൽ കൂട്ടിയിടുന്ന മണലുകൾ ടിപ്പർ ലോറികളിലടക്കം നിറച്ച് അർധരാത്രിയിലും പുലർച്ചയുമടക്കം ജില്ലയിലും പുറത്തേക്കും കടത്തി വൻ വിലയിൽ വിൽക്കുകയാണ് ചെയ്യുന്നത്. നിലവിൽ വളപട്ടണം, കണ്ണപുരം, പഴയങ്ങാടി, മയ്യിൽ, പരിയാരം, തളിപ്പറമ്പ് തുടങ്ങിയ പൊലീസ് സ്‌റ്റേഷൻ പരിധികളിലെ വിവിധ കടവുകളിൽനിന്നാണ് മണൽ വാരി കടത്ത് തകൃതിയായിട്ടുള്ളത്.
ചിലയിടങ്ങളിൽ പൊലീസ് ഇതിനോടകം മണൽ ലോറികളും തോണികളും പിടികൂടുകയും ചെയ്തിട്ടുണ്ട്. മറുനാടൻ തൊഴിലാളികളെയടക്കം ഇറക്കിയാണ് പലയിടത്തും മണൽ വാരൽ നടത്തുന്നത്. ബൈക്കുകളിൽ അകമ്പടിയായി പോകുന്ന സംഘമാണ് മണൽ ലോറിയിലുള്ളവർക്ക് പൊലീസ് പരിശോധനയെ പറ്റി വിവരം നൽകുന്നത്. പൊലീസ് പരിശോധനയറിഞ്ഞാൽ ഉൾപ്രദേശ റോഡുവഴി വണ്ടി തിരിച്ചുവിടുകയാണ് പതിവ്.
പൊലീസ് പിടികൂടുന്ന ഘട്ടങ്ങളിൽ മണൽ പൊലീസ് ജീപ്പിനു മുന്നിൽ തട്ടി കടന്നുപോകുന്നതും പൊലീസിനെ ആക്രമിക്കുന്നതും ഉൾപ്പെടെ ഉണ്ടാവുന്നുണ്ട്. പഴയ ടിപ്പറുകളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് മണൽ കടത്തുന്നതും കാണാനുണ്ട്. ചിലപ്പോഴെല്ലാം പൊലീസ് പരിശോധന ചോരുന്നത് മണൽ ലോബിക്ക് ഗുണമാകുന്നുണ്ട്. ഒരു വർഷം മുമ്പ് മണൽ മാഫിയയിൽനിന്ന് മാസപ്പടി പറ്റി വിവരങ്ങൾ ചോർത്തി നൽകിയതിന് വളപട്ടണത്ത് ഒരു എ.എസ്.ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു.
പഴയങ്ങാടിയിലും നേരത്തേ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മണൽ മാഫിയ ബന്ധത്തിൽപ്പെട്ടതായി തെളിഞ്ഞിരുന്നു. മണൽ കൊള്ളക്കെതിരെ നിരന്തരം പരിശോധന നടത്തുന്ന മികച്ച പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും അവർക്കൊപ്പം നിന്ന് മണൽ മാഫിയക്ക് വിവരങ്ങൾ ചോർത്തി നൽകുന്ന ചിലർ ഇപ്പോഴും ഉണ്ടെന്നത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ഗൂഗ്ൽ പേ വഴിയാണ് ചിലർ മണൽ കടത്തുകാരിൽനിന്ന് മാസപ്പടി വാങ്ങുന്നതെന്ന് നേരത്തേ തെളിയുകയും ചെയ്തതാണ്. പൊലീസ് പരിശോധനയുള്ള റൂട്ട് ഒഴിവായി കിട്ടിയാൽ വൻ തുകയാണ് മണൽ മാഫിയക്ക് ഓരോ ദിവസവും ലഭിക്കുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് മണൽക്കൊള്ളക്ക് തടയിടാനുള്ള ആലോചന സിറ്റി, റൂറൽ പൊലീസ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

