അനധികൃത ഖനനം; അഞ്ച് ലോറികൾ പിടികൂടി
text_fieldsതളിപ്പറമ്പ്: പയ്യാവൂർ വില്ലേജിൽ അനധികൃത ഖനനം നടത്തി ചെങ്കൽ കടത്തുകയായിരുന്ന ലോറികൾ പിടികൂടി. തളിപ്പറമ്പ് താലൂക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. ജില്ലയിൽ ചെങ്കൽ നിരോധനം നിലനിൽക്കുമ്പോഴും പല സ്ഥലങ്ങളിലും അനധികൃതമായി ഖനനം നടക്കുന്നതായി പരാതികൾ ഉയർന്നതോടെയാണ് തളിപ്പറമ്പ് താലൂക്ക് റവന്യൂ ടീം പരിശോധനക്കിറങ്ങിയത്.
പയ്യാവൂർ വില്ലേജിലെ ആനയടിയിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ഖനനം നടത്തി ചെങ്കൽ കടത്തുകയായിരുന്ന അഞ്ച് ലോറികൾ പിടികൂടിയത്. പിടികൂടിയ ലോറികൾ തളിപ്പറമ്പിൽ എത്തിച്ചു. ഡെപ്യൂട്ടി തഹസിൽദാർ വിജയൻ ചെല്ലട്ടോൻ, പയ്യാവൂർ വില്ലേജ് ഓഫിസർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടികൂടിയ അഞ്ച് ലോറികളും ജിയോളജി വകുപ്പിന് കൈമാറുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും തഹസിൽദാർ പി. സജീവൻ അറിയിച്ചു.