നീർക്കോലി വിരിഞ്ഞാൽ...
text_fieldsപനങ്കാവ് ജങ്ഷനിലെ വീട്ടിൽ ജിഷ്ണു വിരിയിച്ചെടുത്ത നീർക്കോലി കുഞ്ഞുങ്ങൾ
കണ്ണൂർ: മണല്‍ക്കൂന മാറ്റുന്നതിനിടെ കണ്ടെത്തിയ പാമ്പിൻമുട്ടകൾക്ക് കൃത്രിമമായി കൂടൊരുക്കിയപ്പോൾ വിരിഞ്ഞത് 47 നീർക്കോലി കുഞ്ഞുങ്ങൾ. വന്യജീവി സംഘടന ‘മാർക്കി’ന്റെ പ്രവർത്തകൻ പുതിയതെരു പനങ്കാവ് ജങ്ഷനിലെ ജിഷ്ണുവാണ് നീര്‍ക്കോലി കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.
ജനുവരി 22ന് നാറാത്ത് കെ.ടി വില്ലയില്‍ നിന്നാണ് 50 മുട്ടകള്‍ കണ്ടെത്തിയത്. വയലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മണല്‍ക്കൂന മാറ്റുന്നതിനിടെ നിര്‍മാണ തൊഴിലാളികളാണ് മുട്ടകള്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ ജിഷ്ണു നടത്തിയ തിരച്ചിലില്‍ 26 മുട്ടകള്‍ കൂടി കിട്ടി. പിന്നാലെ വീടിന്റെ മറ്റൊരു വശത്തുനിന്നും 24 മുട്ടകള്‍ കൂടി കണ്ടെത്തി.
പ്രത്യേക സജ്ജീകരണങ്ങളോടെ 50 മുട്ടകളും ജിഷ്ണുവും സുഹൃത്ത് ഷിനിലും ചേര്‍ന്ന് പനങ്കാവിലെ വീട്ടിലെത്തിച്ചു. കഴിഞ്ഞദിവസമാണ് മുഴുവന്‍ മുട്ടകളും വിരിഞ്ഞു തുടങ്ങിയത്. കേടുപാട് പറ്റിയതിനാൽ മൂന്ന് മുട്ടകൾ വിരിഞ്ഞില്ല. ചെറിയ തണുപ്പും ചൂടും സജ്ജീകരിച്ചാണ് കരിയിലക്കിടയില്‍ വെച്ച് മുട്ടകള്‍ വിരിയിച്ചെടുത്തത്.
ഇതിനു മുമ്പ് പെരുമ്പാമ്പ്, തെയ്യത്താന് പാമ്പ് തുടങ്ങിയ ഇനങ്ങളുടെ മുട്ടയും ജിഷ്ണുവിന്റെ വീട്ടില്‍ വിരിയിച്ചിട്ടുണ്ട്. മുട്ടകളുടെ എണ്ണവും ആകൃതിയും നിറവും നോക്കിയാണ് പാമ്പിനെ തിരിച്ചറിയുക. വിഷപ്പാമ്പുകളാണെങ്കില്‍ കരുതലോടെയാണ് വിരിയിക്കൽ. ആദ്യമായിട്ടാണ് ഇത്രയും മുട്ടകള്‍ ഒന്നിച്ച് വിരിയിച്ചെടുത്തതെന്ന് ജിഷ്ണു പറയുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് എന്ന സംഘടനയില്‍ പാമ്പുകളെ റസ്ക്യൂ ചെയ്യുന്ന ജിഷ്ണു വനംവകുപ്പിന്റെ വളന്റിയര്‍ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

