വികസന നിഷേധികളെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
text_fields
കണ്ണൂർ: ഏതെല്ലാം തരത്തിലുള്ള നിഷേധ നിലപാട് ആരെല്ലാം സ്വീകരിച്ചാലും നാടിെൻറ വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകതന്നെ ചെയ്യുമെന്നും അതിന് നാട്ടുകാരുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം, മട്ടന്നൂർ നിയമസഭ മണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന മണക്കായി പാലത്തിെൻറ നവീകരിച്ച അപ്രോച്ച് റോഡ് വേങ്ങാട് മെട്ട കനാൽ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലോചിതമായ വികസന പദ്ധതികളാണ് നാടിനാവശ്യം. ചില കാര്യങ്ങൾ സംസ്ഥാന സർക്കാറിന് മാത്രം ചെയ്യാൻ കഴിയില്ല. അതിന് കേന്ദ്ര സഹായം വർധിക്കേണ്ടതുണ്ട്. എന്നാൽ, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായി കേരളം അഭിവൃദ്ധിപ്പെടരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. വികസന നടപടികളെ എതിർക്കുന്ന അത്തരം നിഷേധാത്മ ശക്തികളെ തിരിച്ചറിയാനും അവരെ ബോധ്യപ്പെടുത്താനും കഴിയണം. നമ്മുടെ നാട് വികസിച്ചേ മതിയാവൂ. അതിന് നാടിെൻറ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
വേങ്ങാട് മെട്ടയില്‍ നിന്ന് മണക്കായി പാലം വരെയുള്ള 840 മീറ്റര്‍ റോഡാണ് 5.5 മീറ്ററാക്കി വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗീത, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, അസി.എൻജിനീയർ കെ. ആശിഷ് കുമാർ എന്നിവർ പങ്കെടുത്തു.