നൂറുദിന പരിപാടി; ജില്ലയിൽ 2234 പട്ടയങ്ങൾ നൽകും
text_fieldsകലക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ജില്ലതല അവലോകന യോഗത്തിനെത്തിയ മന്ത്രി എ.പി. അനിൽകുമാറിനെ സ്വീകരിക്കുന്ന കലക്ടർ പി. വിഷ്ണുരാജ്
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ജൂലൈ ഒന്നിന് ആരംഭിച്ച നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും. മന്ത്രി എ.പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന റവന്യൂ ഉദ്യോഗസ്ഥരുടെ ജില്ലതല അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ചുരുങ്ങിയത് 25,000 പേരുടെയെങ്കിലും ഭൂമി തരംമാറ്റി നൽകാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തൊട്ടാകെയുള്ളത്.
ഇതിൽ കാൽ ലക്ഷം പേർക്കെങ്കിലും ഭൂമി തരം മാറ്റിനൽകാൻ കഴിയണമെന്നും 25 സെന്റിൽ താഴെയുള്ളവരുടെ കാര്യം അനുഭാവപൂർവം പരിഗണിച്ച് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. 540ഓളം പദ്ധതികളാണ് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ റവന്യൂവകുപ്പിന്റെ ഏഴു പദ്ധതികളാണ് ഭൂമി തരംമാറ്റം, പട്ടയവിതരണം, ന്യായവില നിശ്ചയിച്ചപ്പോൾ ഭൂമിയുടെ വിലയിലുണ്ടായ വ്യത്യാസം ഏകീകരിക്കൽ, ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പരാതികളുടെ പരിഹാരം തുടങ്ങിയവ. പട്ടയവിതരണത്തിൽ പട്ടികജാതി-വർഗ, മത്സ്യത്തൊഴിലാളി മേഖലകളിൽനിന്നുള്ളവർക്ക് മുൻഗണന നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്ക് ന്യായവില ഏകീകരിക്കാനായുള്ള മാർഗരേഖ നൂറു ദിവസത്തിനുള്ളിൽ ഉണ്ടാക്കും.
ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് ലക്ഷത്തോളം പരാതികളാണ് സർക്കാറിന് ലഭിച്ചത്. ഇതിൽ 48,000 എണ്ണം പരിഹരിച്ചു. ബാക്കി നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പരിഹരിക്കും. യോഗത്തിൽ റവന്യൂ സ്പെഷൽ സെക്രട്ടറി കെ. ജീവൻ ബാബു, ലാൻഡ് റവന്യൂ കമീഷണർ എച്ച്. ദിനേശൻ, കലക്ടർ പി. വിഷ്ണുരാജ്, അസി. കലക്ടർ എസ്. സ്വാതി, പി.കെ. ജയശ്രീ എന്നിവർ സംസാരിച്ചു. എ.ഡി.എം പി.എൻ. പുരുഷോത്തമൻ, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിനുശേഷം ജില്ലയിലെ വില്ലേജ് ഓഫിസർമാരുമായി റവന്യൂ മന്ത്രി ഓൺലൈൻ യോഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

