കണ്ടക്ടർ വിരമിച്ചിട്ട് ഏഴുവർഷം: ഉടൻ പെൻഷൻ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsകണ്ണൂർ: ഏഴുവർഷം മുമ്പ് സർവിസിൽനിന്ന് വിരമിച്ച്, സന്ധിവാതം പിടിപെട്ട് കിടപ്പിലായ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മൂന്നു മാസത്തിനകം പെൻഷനും ആനുകൂല്യങ്ങളും നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ഗതാഗത സെക്രട്ടറിക്കും മാനേജിങ് ഡയറക്ടർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. ഏഴുവർഷം മുമ്പ് സർവിസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് ഇതുവരെ പെൻഷൻ അനുവദിക്കാത്തത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
കണ്ണൂർ കോലഞ്ചേരി സ്വദേശി കെ. ബാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2013ലാണ് പരാതിക്കാരൻ കണ്ണൂർ ഡിപ്പോയിൽ നിന്ന് വിരമിച്ചത്. വിരമിച്ച് മൂന്നുവർഷം കഴിഞ്ഞാണ് പരാതിക്കാരൻ പെൻഷന് അപേക്ഷ നൽകിയതെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് നൽകി.
മൂന്നുവർഷം കഴിഞ്ഞുള്ള അപേക്ഷയിൽ നടപടിയെടുക്കാൻ സർക്കാറിെൻറ അനുമതി ആവശ്യമാണ്. എന്നാൽ, പരാതിക്കാരൻ സർവിസിൽനിന്ന് പിരിയുന്നതിന് മൂന്നുവർഷം മുമ്പ് സന്ധിവാതം പിടിപെട്ട് കിടപ്പിലായി. അക്കാരണത്താലാണ് അപേക്ഷ നൽകാൻ വീഴ്ചയുണ്ടായതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.