തലക്കു മുകളിൽ ഭീമൻ പാറകൾ; ഒമ്പത് കുടുംബങ്ങൾ ഭീഷണിയിൽ
text_fieldsകച്ചേരിക്കടവ് മുടിക്കയത്ത് കുടുംബങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന കൂറ്റൻ പാറ
ഇരിട്ടി: ഏഴ് വർഷം മുമ്പ് പ്രളയത്തിൽ ഇളകിനീങ്ങിയ കൂറ്റൻ പാറകൾ നീക്കം ചെയ്യാത്തതോടെ താഴ്വാരത്തുള്ള ഒമ്പത് കുടുംബങ്ങൾ ഭീഷണിയിൽ. കച്ചേരിക്കടവ് മുടിക്കയത്ത് മലയുടെ ചെരുവിലെ കൂറ്റൻ പാറകളാണ് ഭീതിപരത്തുന്നത്. എളമ്പിലക്കാട് മേരി, ബിജു, സിജു, ബൈജു, ജോണി, ഡാർജി കപ്പിലുമാക്കൽ, ഷിജി കുഴിമറ്റം, ജോസ് കോലാക്കൽ, കുഞ്ഞ് പള്ളിപ്പറമ്പിൽ എന്നീ കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത്.
മൂന്ന് കൂറ്റൻ പാറകളിൽ ഒന്നാണ് 2018ലെ പ്രളയത്തിൽ നിരങ്ങി പ്രദേശവാസികൾക്ക് അപകട ഭീഷണിയാകുന്നത്. ഇവിടെ നീരുറവയും ഒഴുകുന്നുണ്ട്. പണ്ട് പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ജലസ്രോതസ്സ് പാറ നിരങ്ങി മാറിയതോടെ അടഞ്ഞാണ് നീരുറവയായി മാറിയത്. വെള്ളം ഒഴുകി മണ്ണിന്റെ ബലം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ പാറ ഏതു സമയത്തും താഴേക്ക് ഉരുളാനുള്ള സാധ്യത കൂടുതലാണ്.
എല്ലാ മഴക്കാലത്തും അധികൃതരെത്തി താഴ്വാരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുന്നത്. സണ്ണി ജോസഫ് എം.എൽ.എക്കടക്കം ഈ വിഷയത്തിൽ പരാതി നൽകിയിട്ടും പാറ പൊട്ടിച്ചു നീക്കാൻ നടപടി ഉണ്ടായിട്ടില്ല. സ്ഥലം സന്ദർശിച്ച മുഴുവൻ ഉദ്യോഗസ്ഥരും പാറ പൊട്ടിച്ച് നീക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് അയ്യൻകുന്ന് പഞ്ചായത്ത് അംഗം ബിജോയ് പ്ലാത്തോട്ടം പറയുന്നു.
കഴിഞ്ഞദിവസം വിവിധ വകുപ്പുകൾ ക്രോഡീകരിച്ച് സ്ഥലം സന്ദർശിച്ചിരുന്നു എന്നും പാറയുടെ ഭൂമിക്കടിയിലേക്കുള്ള താഴ്ചയും മറ്റ് സുരക്ഷാ സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജിയോളജി വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ഇവരുടെ റിപ്പോർട്ട് ലഭിക്കുന്നമുറക്ക് പാറ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

