കാറ്റിലും മഴയിലും കണ്ണൂരിൽ വ്യാപക നാശം
text_fieldsകണ്ണൂർ മേലെചൊവ്വയിൽ ശക്തമായ കാറ്റിൽ പിഴുതുവീണ കൂറ്റൻ പരസ്യ ബോർഡ്. ദേശീയ പാതക്ക് സമീപത്തെ കെട്ടിടത്തിന് മുകളിൽ തങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്
കണ്ണൂർ: വ്യാഴം രാത്രി പതിനൊന്നോടെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും പൊട്ടിവീണ് കനത്ത നാശം. കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചിലയിടങ്ങളിൽ വീട്ടുകാരെ മാറ്റിപാർപ്പിച്ചു. കണ്ണോത്തുംചാലിലെ കൃഷ്ണ ഹോട്ടൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റ് പൂർണമായും നിലംപൊത്തി. ധനലക്ഷ്മി റോഡിൽ പൂത്തട്ട അനിതയുടെ വീട്ടുമുറ്റത്തെ മരം കടപുഴകി. അഴീക്കോടൻ റോഡിൽ മരം മുറിഞ്ഞുവീണ് വൈദ്യുതി തൂണുകൾ തകർന്നു. എസ്സാർ ക്വാർട്ടേഴ്സിന് മുകളിലേക്ക് മരം കടപുഴകി സൺഷേഡിൽ വിരിച്ച ഷീറ്റുകളും ചുറ്റുമതിലും തകർന്നു.
കിഴുത്തള്ളി കൈനാട്ടിമുതൽ റെയിൽവേ ഗേറ്റുവരെ ദേശീയപാതയിൽ മരം പൊട്ടി വീണ് 11 കെ.വി വൈദ്യുതി തുണുകൾ തകർന്നു. മരങ്ങൾ മുറിച്ചുമാറ്റി. വൈദ്യുതി തൂണുകൾ പുനസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തോട്ടട വെസ്റ്റിൽ സി.എച്ച് മുക്കിന് സമീപം വൈദ്യുതി തൂണും മരവും മുറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
വൈദ്യുതി ജീവനക്കാരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി. വൈദ്യുതിബന്ധവും വാഹന ഗതാഗതവും പുനസ്ഥാപിച്ചു. തോട്ടട വെസ്റ്റിൽ കനോത്ത് കാവിന് സമീപം മരം കടപുഴകിവീണ് നാലുവീടുകൾ തകർന്നു. കനോത്ത് കുന്നുമ്പ്രത്ത് ഭരതന്റെ വീടിന് മുകളിലേക്ക് തേക്കുമരം പൊട്ടി വീണ് കിടപ്പുമുറി തകർന്നു. അടുത്തപറമ്പിലെ തേക്കുമരം കടപുഴകി വീണ് കനോത്ത് ഹൗസിൽ ഷീജയുടെ വീടിന്റെ മേൽക്കൂര തകർന്നു.
ഷീജയുടെ അമ്മ സത്യവതിമാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. കനോത്ത് കാവിന് സമീപം ടി.കെ. രതീഷ് ബാബുവിന്റെ വീടിന് മുകളിലേക്ക് രണ്ട് തെങ്ങ് മുറിഞ്ഞുവീണു. കെ.വി. ഹരീന്ദ്രന്റെ വീടിന് മുകളിലേക്ക് മരം മുറിഞ്ഞുവീണ് മേൽക്കൂരക്ക് കേടുപറ്റി. വട്ടക്കുളം അനിത നിവാസിൽ കാട്ടാമ്പള്ളി പ്രകാശന്റെ വീടിന്റെ മേൽക്കൂര കനത്ത കാറ്റിൽ തകർന്നു. മേയറും റവന്യു അധികാരികളുംസ്ഥലം സന്ദർശിച്ചു. താണ ബിഷപ് ഹൗസിൽ കടപുഴകിവീണ മരം ചുറ്റുമതിൽ തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

