മലയോരത്ത് കനത്ത മഴയും കാറ്റും; വ്യാപക നാശനഷ്ടം
text_fields1)കാറ്റിൽ മരം വീണ് തകർന്ന കൊട്ടിയൂർ നെല്ലിയോടിയിലെ ഉണ്ണിരാജന്റെ വീട് 2) പഴയങ്ങാടി -വാടിക്കൽ കാവ് -മാട്ടൂൽ റോഡിൽ വെള്ളം കയറിയ നിലയിൽ
കേളകം: ഞായറാഴ്ച പെയ്ത കനത്ത മഴയും കാറ്റുംമൂലം മലയോരത്ത് വ്യാപക നാശനഷ്ടം. വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ വ്യാപക കാർഷിക നാശമുണ്ടായി. ശാന്തിഗിരിയിലെ സുരേന്ദ്രന്റെ വാഴത്തോട്ടം നശിച്ചു. കൊട്ടിയൂർ നെല്ലിയോടിയിൽ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്ന് ഗൃഹനാഥന് പരിക്കേറ്റു. നെല്ലിയോടിയിലെ മണക്കാട്ട്ശ്ശേരിയിൽ ഉണ്ണി രാജന്റെ വീടാണ് തകർന്നത്. അപകടത്തിൽ ഉണ്ണി രാജന് പരിക്കേറ്റു.
കനത്ത കാറ്റിലും മഴയിലും കോളയാട് പഞ്ചായത്തിലെ പെരുവ മേഖലയിൽ മരം കടപുഴകി വ്യാപക നാശനഷ്ടമുണ്ടായി. വൈദ്യുതിത്തൂൺ പൊട്ടി വീണതിനാൽ പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു. മുളങ്കൂട്ടം റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ അഗ്നിരക്ഷാ സേനയും വനപാലകരും നാട്ടുകാരും ചേർന്നാണ് മുളങ്കാടുകൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്ത മഴയിൽ റോഡിലേക്ക് വെള്ളം കവിഞ്ഞ് മലയോരപാതകൾ വെള്ളത്തിലായി. കൊട്ടിയൂർ ചുരം പാതയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ യാത്ര ഭീതിയിലാണെന്ന് പ്രദേശവാസികൾ അറിയിച്ചു.
കേളകം സെക്ഷനിൽ കനത്ത കാറ്റിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റുകൾ വ്യാപകമായി തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. 30 സ്ഥലങ്ങളിൽ മരം വീണതായും വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാക്കാൻ തീവ്രശ്രമത്തിലാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
പഴയങ്ങാടി: മാടായിപ്പാറയിൽ മാടായി ഫെസ്റ്റിനു വേണ്ടി നിർമിച്ചതും ഫെസ്റ്റ് കഴിഞ്ഞിട്ടും പൊളിച്ചു നീക്കാത്തതുമായ താൽക്കാലിക പന്തൽ നിലം പൊത്തി. ഞായറാഴ്ച ഉച്ചക്ക് ശേഷമുണ്ടായ കനത്ത കാറ്റിലായുന്നു സംഭവം. മഴ ആസ്വദിക്കാനെത്തിയ വിദ്യാർഥികൾ സമീപത്തു കൂടെ നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. ഭാഗ്യം കൊണ്ട് വിദ്യാർഥികൾ രക്ഷപ്പെടുകയായിരുന്നു. പന്തൽ നിലം പൊത്തിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പന്തലിനടിയിൽ ആരും കുടുങ്ങിയില്ലെന്ന് ഉറപ്പ് വരുത്തി.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മാടായി, മാട്ടൂൽ, ചെറുകുന്ന്, ഏഴോം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിലായി. ശക്തമായ കാറ്റിൽ മാട്ടൂൽ പഞ്ചായത്തിൽ നിരവധി തെങ്ങുകൾ കട പുഴകി. നിരവധി വീടുകളുടെ വരാന്തയിലും അടിത്തറക്ക് സമാന്തരമായും വെള്ളം കയറിയിട്ടുണ്ട്. വൈദ്യുതിത്തൂണുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടിയും വിവിധ പഞ്ചായത്തുകളുടെ പല മേഖലകളിലും വൈദ്യുതി ബന്ധം നിലച്ച നിലയാണ്.
കണ്ണൂർ ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള പഴയങ്ങാടി -വാടിക്കൽ കടവ്- മാട്ടൂൽ റോഡുകൾ വെള്ളക്കെട്ടിലാണ്. പഴയങ്ങാടി റെയിൽവെ അടിപ്പാതയിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതം ദുരിതപൂർണമാണ്. എൻജിനിൽ വെള്ളം കയറി നിരവധി വാഹനങ്ങൾ പ്രവർത്തന രഹിതമായി. പഴയങ്ങാടി ടൗണിലെ ഓടകളിലെ ഒഴുക്ക് തടസ്സപ്പെട്ടതിനാൽ കെ.എസ്.ടി.പി റോഡിൽ വൻ വെളളക്കെട്ടാണ് രൂപപ്പെടുന്നത്. ഏഴോം പഞ്ചായത്തും പൊതുമരാമത്തും ചേർന്ന് ഞായറാഴ്ച ഓടകളിലെ മാലിന്യം നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പഴയങ്ങാടി- മാടായി -മാട്ടൂൽ മേഖലകളിലൂടെ ഒഴുകുന്ന വളപട്ടണം പുഴയിൽ ജലവിതാനം ക്രമാതീതമായി ഉയർന്നത് ഭീതി പടർത്തുകയാണ്.
മട്ടന്നൂര്‍: ഇല്ലംഭാഗം അയ്യപ്പക്ഷേത്രത്തിന് സമീപം വത്സന്റെ വീടിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു. പത്തൊമ്പതാം മൈലില്‍ കൂറ്റന്‍ മതില് തകര്‍ന്നു വീടിന് നാശമുണ്ടായി. വെളിയമ്പ്ര റോഡിലെ ടി.എന്‍. അഷറഫിന്റെ വീടിനാണ് നാശമുണ്ടായത്. ആറ് മീറ്ററോളം ഉയരത്തിലുള്ള മതിലാണ് തകര്‍ന്നു അഷ്റഫിന്റെ വീട്ടിലേക്ക് പതിച്ചത്. ചെങ്കല്ലും മണ്ണും വീണ് വീടിന് കേടുപാടുകള്‍ സംഭിച്ചിട്ടുണ്ട്. കാറ്റില്‍ വ്യാപകമായി മരങ്ങള്‍ പൊട്ടിവീണ് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നു. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മണ്ണൂര്‍, ഏളന്നൂര്‍, പൊറോറ, മരുതായി, ആണിക്കരി, മേറ്റടി, വെമ്പടി, കായലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു.
പയ്യന്നൂർ: കുഞ്ഞിമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ മരം കടപുഴകി വീണു.പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ കുറ്റൂർ പള്ളിമുക്കിലെ മുട്ടുക്കൻ ലത്തീഫിന്റെ മതിലും താൽക്കാലിക ഷെഡും ഇടിഞ്ഞു വീണ് അയൽവാസി എം.കെ.പി. ഹാജിറയുടെ വീടിനോടു ചേർന്ന കാർഷെഡും നിർത്തിയിട്ട കാറും പൂർണമായി തകർന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
രാമന്തളി എട്ടിക്കുള്ളത്ത് ബാപ്പിക്കാന്റകത്ത് നബീസയുടെ വീട് വൈദ്യുതുത്തൂൺ പൊട്ടിവീണ് ഭാഗികമായി നശിച്ചു. തലനാരിഴക്കാണ് ദുരന്തം വഴി മാറിയത്. മരം വീണ് കാങ്കോൽ വില്ലേജിൽ വടശ്ശേരി പടിഞ്ഞാറെക്കരയിലെ പയ്യൻ വീട്ടിൽ ജയന്റെ ആല ഭാഗികമായി തകർന്നു. വേട്ടുവക്കുന്നിൽ സുനിത വിനുവിന്റെ വീടിന് മുകളിലേക്ക് റബർ മരങ്ങൾ പൊട്ടിവീണു.
വീടിന് കേടുപാടുകൾ സംഭവിച്ചു. കടുക്കാരം ചുണ്ണാമ്പി മുക്കിൽ ചെറിയാണ്ടിരകത്ത് സുഹറയുടെ വീടിനോട് ചേർന്ന ഷെഡ് കാറ്റിൽ പറന്നു പോയി. പലയിടത്തും വൈദ്യുതി ബന്ധം തകർന്നു. ചിലയിടങ്ങളിൽ രാത്രിയിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

