സ്ത്രീകൾക്കെതിരായ അതിക്രമം; 'സ്റ്റാക്കിങ്' പരാതികള്‍ എങ്ങിനെ നല്‍കാം
text_fieldsകണ്ണൂർ: തുല്യതക്കുള്ള അവകാശം നിലനില്‍ക്കുമ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നുവെന്ന് സംസ്ഥാന വനിത കമീഷന് അധ്യക്ഷ പി. സതീദേവി. ധൈര്യപൂർവമായ തുറന്നു പറച്ചിലും പ്രതികരണവുമാണ് ഉണര്‍ന്നു വരേണ്ടതെന്നും അവർ പറഞ്ഞു.
ദേശീയ വനിതാ കമീഷന്റെയും സംസ്ഥാന വനിതാ കമീഷന്റെയും നേതൃത്വത്തില്‍ കണ്ണൂർ വി.കെ. കൃഷ്ണമേനോന് മെമ്മോറിയല്‍ വനിത കോളജില്‍ നടന്ന സംസ്ഥാനതല സ്റ്റാക്കിങ്ങ്(നിരന്തരം പിന്തുടർന്ന് ഭയപ്പെടുത്തുകയോ ശല്യം ചെയ്യുകയോ ചെയ്യുന്നത്) ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളുണ്ട്. തുറന്നു പറയാനുള്ള ഭയം കൊണ്ടും നീതിക്ക് വേണ്ടി ആരെ സമീപിക്കണം എന്നറിയാത്തതിനാലും സമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന ആകുലതകൊണ്ടും സ്ത്രീകള്‍ നിശ്ശബ്ദരാകുന്നു. ഈ നിശബ്ദത അപകടകരമാണെന്നും അവർ പറഞ്ഞു. കോളജ് പ്രിന്‍സിപ്പൽ ഡോ. സിനുമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. വനിത കമീഷനംഗം അഡ്വ. പി.കുഞ്ഞായിഷ സംസാരിച്ചു. സ്റ്റാക്കിങ്ങ് വിവിധ വിഷയങ്ങളില്‍ സൈബര്‍, എ.ഐ നിയമവിദ്ഗധന്‍ എസ്.കെ. മനുകൃഷ്ണ, കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റ് ഡോ. പി.എം.ബിനു തോട്ടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു.
പരാതികള്‍ നല്‍കാം
സ്റ്റാക്കിങ് പ്രവണതകളില്‍ പരാതികള്‍ നല്കാന് വിപുലമായ സംവിധാനങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ പരാതിക്കിടയായ സംഭവം സേവ് ചെയ്യുകയെന്നതാണ് പ്രധാനം. തെളിവായി ഇവ ഹാജരാക്കണം.
തീയതി, സമയം തുടങ്ങിയവയെല്ലാം കുറിച്ചുവെക്കണം. സമൂഹ മാധ്യമങ്ങളില്‍ നിന്നും ഈ ഉള്ളടക്കം പിന്നീട് മായ്ച്ചുകളഞ്ഞാലും പരാതിയമായി മുന്നോട്ട് പോകാന്‍ ഇതുവഴി കഴിയും. ശല്യം ചെയ്തയാളെ ബ്ലോക്ക് ചെയ്യുക എന്നതാണ് അടുത്ത നടപടി. ഇതിന്റെയെല്ലാം സ്ക്രീന്‍ ഷോട്ട് സൂക്ഷിക്കാം.
മൂന്നാമതായി ഈ സംഭവത്തെക്കുറിച്ച് അടുത്ത ആരോടെങ്കിലും പറയുക എന്നതും പ്രധാനപ്പെട്ട തെളിവാണ്. പരാതി പൊലീസില്‍ നല്കി എഫ്. ഐ.ആര് കോപ്പി രസീതിയും വാങ്ങണം. അടിയന്തര ഇടപെടലുകള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 112, സൈബര്‍ ക്രൈം 1930, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ 181, ഹെല്‍പ്പ് ലൈന്‍ 1091, ദേശീയ വനിതാ കമീഷന് 14490, കോണ്‍ഫിഡന്‍ഷ്യല്‍ കൗണ്‍സിലിങ്ങ് 9152987821 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ദേശീയ വനിത കമീഷന്റെയും സംസ്ഥാന വനിതാ കമീഷന്റെയും ആഭിമുഖ്യത്തില്‍ ‘സ്റ്റാക്കിങ്' വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി വനിതാ കമീഷന് അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

