കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവരെ എത്ര നാൾ ഇങ്ങനെ മഴയത്ത് നിർത്തും?
text_fieldsകണ്ണൂർ ഗവ. മെഡിക്കൽ കോളജ് സ്റ്റോപ്പിൽ പെരുവഴിയിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ
പയ്യന്നൂർ: ആയിരക്കണക്കിന് രോഗികളും അവരുടെ ബന്ധുക്കളും ദിനംപ്രതി ആശ്രയിക്കുന്ന ഉത്തര മലബാറിലെ പ്രമുഖ ചികിത്സാകേന്ദ്രമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. എന്നാൽ, ചികിത്സ തേടിയെത്തുന്നവർ നേരിടുന്ന പ്രധാന ദുരിതങ്ങളിലൊന്നാണ് ബസ് സ്റ്റോപ്പിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല എന്നത്. ഇത് ഇവിടെയെത്തുന്ന ജനങ്ങളെ തെല്ലൊന്നുമല്ല വലക്കുന്നത്.
വെയിലും മഴയും കൊള്ളണം
കത്തുന്ന വെയിലായാലും കോരിച്ചൊരിയുന്ന പെരുമഴയായാലും ഇവിടെ എത്തുന്നവർക്ക് കയറിനിൽക്കാൻ ഇടമില്ല. മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുന്നവർക്കും ഇവിടെ എത്തുന്ന യാത്രക്കാർക്കും ഇത് ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി മെഡിക്കൽ കോളജിലെത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ..... പട്ടിക നീളും. ഇവരെല്ലാം കയറി നിൽക്കാൻ കടവരാന്ത പോലുമില്ലാതെ റോഡരികിൽ നിൽക്കേണ്ട ദുരവസ്ഥയിലാണ്.
വേണം ബസ് കാത്തിരിപ്പുകേന്ദ്രം
ഒരു മരത്തണലരികിലാണ് നിലവിൽ ആൾക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഇരുഭാഗങ്ങളിലും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം എന്നത് ആഡംബരമല്ല, മറിച്ച് ഏറ്റവും പ്രാഥമികമായ ആവശ്യമാണ്. കോടികൾ ചെലവഴിച്ച് വലിയ വികസനങ്ങൾ നടത്തുമ്പോഴും ഈ ദുരിതം അധികൃതർ കാണാതെ പോകരുത്. എത്രയും വേഗം ഇവിടെ സൗകര്യപ്രദമായ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ശക്തമായ ആവശ്യം.
ബസ് നിർത്തുന്നത് കവാടത്തിനരികെ
ഇപ്പോൾ ബസ് സ്റ്റോപ്പ് കോളജ് കവാടത്തിന് മുന്നിൽ. അടിയന്തര രോഗികളും മറ്റും എത്തുമ്പോൾ ഇത് യാത്രാതടസ്സത്തിന് കാരണമാകുന്നു. മാത്രമല്ല, യാത്രക്കാർ കാത്തുനിൽക്കേണ്ടതും ആതുരാലയത്തിലേക്കുള്ള റോഡിൽ തന്നെ. ബസ് സ്റ്റോപ്പ് അൽപം മാറിയാൽ ഈ പ്രശ്നം തീരും.
മെഡിക്കൽ കോളജിന്റെ തുടക്കത്തിൽതന്നെ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇത് യാഥാർഥ്യമായില്ല. ഇപ്പോൾ സ്റ്റാൻഡ് നിർമിക്കേണ്ടത് കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്താണ്. എന്നാൽ ഇവിടെനിന്ന് പ്രതിവർഷം 50 ലക്ഷത്തോളം തൊഴിൽനികുതി വാങ്ങുന്ന പഞ്ചായത്ത് ആവശ്യത്തിന് നേരെ പുറംതിരിഞ്ഞു നിൽക്കുകയാണ്. സ്ഥലമില്ലെന്ന കാരണം പറഞ്ഞ് പിന്മാറാനാവില്ല. അരകോടി ചെലവഴിച്ച മഴവെള്ള സംഭരണി കാടുകയറി തൊട്ടുമുന്നിലുണ്ട്. മാത്രമല്ല, അര ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിന്റെ കൈയിലുണ്ട്. ഇവ ലീസിന് വാങ്ങിയാൽ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കാം. പഞ്ചായത്തിനിത് വൻ വികസന സാധ്യത തുറന്നുകൊടുക്കും. എന്നാൽ, ഇതൊന്നും പഞ്ചായത്തിന്റെ തീരുമാനത്തിലേ വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

