ഹോർട്ടി കോർപ്പ്: പ്രതിസന്ധി രൂക്ഷം തൊഴിലാളികളുടെ പ്രവൃത്തി ദിനം വെട്ടിക്കുറച്ചു
text_fieldsമാങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് ഉൽപന്നങ്ങളില്ലാത്ത നിലയിൽ
പാപ്പിനിശ്ശേരി: ജില്ലയിലെ ഹോർട്ടികോർപ്പിൽ പ്രതിസന്ധി തുടരുന്നു. സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചു. 26 ഓളം വരുന്ന തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളാണ് വെട്ടിക്കുറച്ചത്. ഉൽപന്നങ്ങൾ വാങ്ങാൻ പണമില്ലാതെയും തൊഴിലാളികൾക്കും ഓഫിസ് ജീവനക്കാർക്കും മാസശമ്പളം നൽകാൻ സാധിക്കാത്ത നിലയിൽ ഹോർട്ടി കോര്‍പ് അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചത്. ആഴ്ചയിൽ ഒരു തൊഴിലാളിക്ക് മൂന്ന് തൊഴിൽദിനം മാത്രം നൽകുന്ന തരത്തിലാണ് വെട്ടിച്ചുരുക്കിയത്. ഇനി മാസത്തിൽ തൊഴിലാളിക്ക് 12 ദിനമാണ് ലഭിക്കുക. അപ്പോൾ മാസത്തിൽ 12 ദിവസത്തെ ശമ്പളം മാത്രമാണ് ലഭിക്കുക.
വിഷുവടക്കമുള്ള നാല് മാസത്തെ ശമ്പളം മുടങ്ങിയത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേതുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം അനുവദിച്ചത്. ഇപ്പോഴും മൂന്നു മാസത്തെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. വിൽപന വർധിപ്പിച്ച് ലാഭമുണ്ടാക്കിയാൽ മാത്രമേ ശമ്പളം അനുവദിക്കാൻ നിർവാഹമുള്ളൂ എന്നാണ് മാനേജ്മെൻറിന്റെ നിലപാട്.
20ൽ അധികമുള്ള ഔട്ട്ലറ്റുകൾ നഷ്ടത്തിലായതിനാലാണ് അടക്കേണ്ടി വന്നതെന്നാണ് മാനേജ്മെൻറ് ന്യായീകരിക്കുന്നത്. എന്നാൽ ഔട്ട്ലറ്റുകളിൽ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയാത്തതാണ് പ്രധാന കാരണം. ഉൽപന്നങ്ങൾ വിതരണത്തിന് നൽകിയിരുന്ന സ്ഥാപനങ്ങൾക്ക് പണം നൽകിയിട്ടില്ല. ലക്ഷങ്ങൾ കുടിശികയായതിനാലാണ് അവർ പച്ചക്കറി ഉൽപന്നങ്ങൾ വിതരണം ചെയ്തു വന്നത് നിർത്തലാക്കിയത്. കുടിശിക നൽകിയാൽ ഉൽപന്നങ്ങൾ തുടർന്ന് നൽകാൻ അവർ സന്നദ്ധരാണ്.
ഉൽപന്നങ്ങളില്ലാതെ ഔട്ട്ലറ്റുകൾ അടച്ചുപൂട്ടിയാൽ എങ്ങനെ വിൽപന വർധിപ്പിക്കാനും ലാഭമുണ്ടാക്കാനും സാധിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ ചോദിക്കുന്നത്.
സി.പി.ഐയുടെ നേതൃത്വത്തിലുള്ള എ.ഐ.ടി.യു.സിക്ക് മാത്രം പ്രാതിനിധ്യമുള്ള തൊഴിലാളികളാണ് എല്ലാവരും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് നിവേദനം നൽകിയതായി തൊഴിലാളികൾ പറഞ്ഞു. കൃഷിവകുപ്പ് മന്ത്രി കണ്ണൂരിലെത്തുന്ന വേളയിൽ വിശദ നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് തൊഴിലാളി നേതാക്കൾ.
തുടക്കത്തിൽ 20 ൽ അധികം ഔട്ട്ലറ്റുകൾ ഉണ്ടായിരുന്നതിൽ ഇന്ന് ആറ് എണ്ണം മാത്രമാണ് അടച്ചുപൂട്ടാൻ അവശേഷിക്കുന്നത്. അതും ഇപ്പോൾ ഉൽപ്പന്നങ്ങളില്ലാതെ ഏതു സമയവും അടച്ചു പൂട്ടാൻ ഒരുങ്ങിയ നിലയിലാണ്.
ഏത് സ്ഥാപനമായാലും അതിന്റെ നല്ല നടത്തിപ്പിന് ജീവനക്കാരുടെ പൂർണ്ണ സഹകരണവും ആത്മാർത്ഥതയും ആവശ്യമാണെന്ന് കോഴിക്കോട്ടുള്ള റീജനൽ മാനേജർ ടി.ആർ. ഷാജി അഭിപ്രായപ്പെട്ടു.
അതുപോലെ സ്ഥാപനം ലാഭത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ശമ്പളം കൃത്യമായി നൽകാൻ നിർവാഹമുള്ളൂ. അതാത് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ലാഭകരമായി പ്രവർത്തിക്കാൻ ജീവനക്കാരും താല്പര്യം എടുക്കണം. കണ്ണൂരിൽ ജീവനക്കാരുടെ സഹകരണക്കുറവാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി ഇല്ലാതെ മറ്റു ജില്ലകളിൽ സ്ഥാപനം മികച്ചരീതിയിൽ പ്രവർത്തിച്ചു വരുന്നത് തൊഴിലാളികളുടെ പൂർണ്ണ സഹകരണത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

